ന്യൂഡൽഹി: പാല ബിഷപ്പ് ഫാദർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ് ആരോപണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിലാണ് നാർക്കോട്ടിക് ജിഹാദ് ആരോപണത്തിനെതിരെ ചിദംബരം വിമർശനമറിയിച്ചത്.
“രാജ്യത്തെ തീവ്ര ഹിന്ദുത്വ വലതുപക്ഷം ഉയർത്തിവിട്ട രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാർക്കോട്ടിക് ജിഹാദ് പുതിയ രാക്ഷസനാണ്. അതിനെ സൃഷ്ടിച്ചത് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട്,” ചിദംബരം പറഞ്ഞു.
പ്രണയവും’ ‘മയക്കുമരുന്നും’ യഥാർത്ഥമാണെങ്കിലും, ജിഹാദ് എന്ന വാക്ക് പ്രണയത്തോടും മയക്കുമരുന്നിനോടും ചേർക്കുന്നത് വികലമായ ചിന്തയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഉദ്ദേശ്യം വ്യക്തമാണ്. ഒരു വശത്ത് ഹിന്ദുയിസത്തെയോ ക്രിസ്ത്യാനിറ്റിയെയോ നിർത്തി ഇസ്ലാമിനെ മറുവശത്താക്കി കാണിക്കുക എന്നതാണ് അത്. ഇസ്ലാമിനെ അപരരായും മുസ്ലിംകളെ അപര വ്യക്തികൾ മുതൽ മതഭ്രാന്തർ വരെയായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്,” ചിദംബരം ലേഖനത്തിൽ പറഞ്ഞു. ഒരു മതനിരപേക്ഷ രാഷ്ട്രം അത്തരം പ്രചാരണങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഇസ്ലാം ‘വിപുലീകരണശ്രമം’ നടത്തുന്നതിന് തെളിവുകളൊന്നുമില്ലെന്നും ലേഖനത്തിൽ പറയുന്നു. ഇസ്ലാമിലേക്കുള്ള കൂട്ടമതംമാറ്റം നടക്കുന്നു എന്ന് പറയുന്നത് ഒരു നുണയാണെന്നും അദ്ദേഹം പറഞ്ഞു.
“പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ഹിന്ദു തീവ്ര വലതുപക്ഷം ഏറ്റെടുക്കുന്നതിൽ തിശയിക്കാനില്ല. രണ്ടുപേരും ലക്ഷ്യമിടുന്നത് ‘അപരരെ’യാണ്, അഥവാ മുസ്ലീങ്ങളെയാണ്. ഹിന്ദു തീവ്ര വലതുപക്ഷം ക്രിസ്ത്യാനികളെ ‘അപരർ’ ആയി പരിഗണിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാം ഓർക്കണം. ഏതൊരു വിഭാഗത്തെയും അരപരവൽക്കരിക്കുന്നത് സ്വീകരിക്കാനാവില്ല,” ചിദംബരം പറയുന്നു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിൽ തനിക്ക് സന്താഷമുണ്ടെന്നും ലേഖനത്തിൽ ചിദംബരം പറഞ്ഞു. ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത് ആരായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിന്തുണച്ചതിൽ അതിലേറെ സന്തോഷമുണ്ടെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നവർ, ഗുജറാത്തിലെ ഒരു തുറമുഖം വഴി ‘ഇറക്കുമതി ചെയ്യാൻ’ ശ്രമിച്ചപ്പോൾ, അധികാരികൾ പിടിച്ചെടുത്ത 3,000 കിലോ ഹെറോയിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പിന്തുണ ഇല്ലെങ്കിൽ ഇത്രയും വലിയ അളവിൽ ‘ഇറക്കുമതി’ ചെയ്യാൻ ആരും ധൈര്യപ്പെടില്ലെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയുമെന്നും ചിദംബരം പറയുന്നു.
“പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജിഹാദിനെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ മയക്കുമരുന്നിനെക്കുറിച്ചോ ഉള്ള സംസാരം നിരസിക്കണം. 3,000 കിലോ ഹെറോയിൻ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അവർ അഭിപ്രായം പറയണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളാണിവ,” ചിദംബരം പറഞ്ഞു.
കേരളത്തിലെ നിലപാടുകള്‍ വ്യക്തമാക്കുന്നത് സംസ്ഥാന നേതൃത്വമെന്ന് കെ സുധാകരൻ
ര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിൽ പി ചിദംബരത്തിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അദ്ദേഹം അത്തരം ഒരു പരാമര്‍ശം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ചിദംബരത്തോട് തന്നെ ചോദിക്കണം. ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ല. ഇത് കേരളവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സുധാകരന് പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നയത്തിലും തീരുമാനത്തിലും ഇതുവരെ മാറ്റമില്ല. കേരളത്തില്‍ മതസൗഹാര്‍ദവും ഐക്യവും സമാധാനവും ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.മത സമുദായ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിക്കുമെന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് പിറകോട്ട് പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഈ വിഷയത്തില്‍ ആശയ വ്യക്തയില്ലാത്തതും അഭിപ്രായ ഭിന്നത ഉള്ളതും സിപിഎമ്മിലാണ്.സിപിഎം നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാട് ഡിവൈഎഫ്ഐ സ്വീകരിച്ചത് അത് വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് വഴങ്ങി അവസാനം ഡിവൈഎഫ്ഐ നിലപാട് മാറ്റിയെങ്കിലും വിവാദ വിഷയത്തില്‍ ചര്‍ച്ചവേണമെന്ന നിലപാടാണ് ആദ്യം ഇടത് യുവജന സംഘടന സ്വീകരിച്ചതെന്നും സുധാകരന് പറഞ്ഞു.