ന്യൂഡൽഹി: സൈബർ അക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയതിനെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇത്തരം ക്രൂരമായ തീരുമാനങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്,’ ചിദംബരം ട്വിറ്ററിൽ കുറിച്ചു.
Also Read: സൈബർ ആക്രമണത്തിന് അഞ്ച് വർഷം തടവ്; പൊലീസ് നിയമ ഭേദഗതിക്ക് അംഗീകാരം
മറ്റൊരു ട്വീറ്റിൽ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണവും തന്നെ ഞെട്ടിച്ചെന്ന് ചിദംബരം കൂട്ടിച്ചേർത്തു.”അന്വേഷണ ഏജൻസി നാല് തവണ റിപ്പോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും,’ ചിദംബരം രണ്ടാമത്തെ ട്വീറ്റിലൂടെ ചോദിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം ലഭിച്ചിരുന്നു. പോലീസ് നിയമത്തിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് ഭേദഗതി. കേരള പോലീസ് നിയമത്തിൽ 118 (എ) എന്ന പുതിയ വകുപ്പ് ഉൾക്കൊള്ളുന്ന ഓർഡിനൻസിൽ ഒപ്പിട്ടതായി ഖാന്റെ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തും.
ബാർകോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു ശനിയാഴ്ചയാണ് അനുമതി ലഭിച്ചത്. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.