ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം ഇപ്പോള്‍. ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് ഇറങ്ങി വരുമ്പോഴാണ് ചിദംബരം കേന്ദ്ര സര്‍ക്കാരിനെ ട്രോളിയത്.

സിബിഐ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി വിധിക്ക് ശേഷം ചിദംബരം പുറത്തേക്ക് വരികയായിരുന്നു. കസ്റ്റഡി നീട്ടിയുള്ള കോടതി തീരുമാനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചിദംബരം മറുപടി നല്‍കിയത് ജിഡിപിയെ കുറിച്ച്. “അഞ്ച് ശതമാനമാണ്…ജിഡിജി ഇപ്പോള്‍ അഞ്ച് ശതമാനമാണ്” – എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.

Read Also: കൂപ്പുകുത്തി സാമ്പത്തിക രംഗം; ജിഡിപി വളര്‍ച്ച അഞ്ച് ശതമാനം

അതേസമയം, ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം കസ്റ്റഡിയിൽ തുടരും. ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി വ്യാഴാഴ്ച വരെ നീട്ടി. ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും.

രാജ്യത്തെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. ഇന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

Read Also: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?

കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ തോത്. അന്ന് 4.3 ശതമാനമാണ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.

ജിഡിപി നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനം ആണെങ്കിൽ ഇത്തവണ അത് 5.7, 5.6 ശതമാനത്തിലേക്ക് താഴും എന്നായിരുന്നു മിക്ക സർവേകളിലും പറഞ്ഞിരുന്നത്. എന്നാൽ, അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് യാഥാർഥ്യം. വളർച്ചാ നിരക്ക് വെറും അഞ്ച് ശതമാനമായി താഴ്ന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകൾ നൽകുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook