/indian-express-malayalam/media/media_files/uploads/2017/02/sasikala-7591.jpg)
ചെന്നൈ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മത്സരം രൂക്ഷമാകുന്നതിനിടെ ശശികല കൂടുതൽ സമ്മർദ്ദത്തിലാകുന്നു. അടിയന്തിര ഘട്ടത്തിൽ സഹായിക്കണമെന്ന ശശികലയുടെ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിക്കുന്നതിൽ കോൺഗ്രസ് പാളയത്തിൽ ഭിന്നതയുണ്ട്. തമിഴ്‌നാടുമായി ബന്ധപ്പെട്ട് നിലപാടെടുക്കുന്നതിന് രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സിന്റെ ഉന്നത തലയോഗം നടക്കുകയാണ്.
സംസ്ഥാന കോൺഗ്രസിൽ ഒരു വിഭാഗം ശശികലയെ പിന്തുണയ്ക്കാമെന്ന അഭിപ്രായം ഉള്ളവരാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന യോഗത്തിൽ ദേശീയ നേതാവായ പി.ചിദംബരം ഈ ബന്ധത്തെ തുറന്നെതിർത്തു. ശശികലയെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാടിലാണ് ചിദംബരം യോഗത്തിൽ പങ്കുവച്ചത്. 1996 ൽ എഐഎഡിഎംകെ യുമായുള്ള കോൺഗ്രസ്സിന്റെ കൂട്ടുകെട്ട് കനത്ത നഷ്ടങ്ങളുണ്ടാക്കിയെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. ജനവികാരം ഡിഎംകെ യ്ക്ക് ഒപ്പം നിൽക്കണമെന്നായിരുന്നിട്ടും നരസിംഹറാവുവിന്റെ അന്നത്തെ നിലപാട് സംസ്ഥാന നേതൃത്വത്തിന് വലിയ ക്ഷീണമുണ്ടാക്കി.
നേരത്തേ 134 എം.എൽ.എ മാരുടെ പിന്തുണ അവകാശപ്പെട്ട് ഗവർണറെ കണ്ട ശശികല, പിന്നീട് പിന്തുണയ്ക്കുന്നവരുടെ എണ്ണം 129 ആണെന്ന് ഗവർണ്ണറോട് വ്യക്തമാക്കിയിരുന്നു. അടിയന്തിര സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് ഇവർ കോൺഗ്രസ് പാളയത്തിൽ സഹായം തേടിയത്. കോൺഗ്രസ്സിന് നിയമസഭയിൽ എട്ട് അംഗങ്ങളാണ് ഉള്ളത്. നിലവിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസ് ഡി.എം.കെ യുടെ ഘടക കക്ഷിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.