ന്യൂഡല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോ 600 ജീവനക്കാരെ പിരിച്ചുവിടുന്നു. തങ്ങളുടെ 3,700 ജീവനക്കാരില്‍നിന്നു 10 ശതമാനം പേരെ ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസയമം, റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ടീമുകളിലേക്ക് 250 പേരെ പുതുതായി നിയമിക്കുമെന്നും ഐ പി ഒ കമ്പനിയായ ഓയോ അറിയിച്ചു.
കമ്പനിയുടെ പ്രവര്‍ത്തന ഘടനയില്‍ വ്യാപകമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു ട്രാവല്‍ ടെക് കമ്പനിയായ ഓയോ അറിയിച്ചു. പ്രൊഡക്റ്റ്‌സ്, എഞ്ചിനീയറിങ്, കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ഓയോ വെക്കേഷന്‍ ഹോംസ് ടീമുകളില്‍നിന്നാണു ജീവനക്കാരെ പിരിച്ചുവിടുന്നത്. പാര്‍ട്ണര്‍ റിലേഷന്‍ മാനേജ്മെന്റിലേക്കും ബിസിനസ് ഡെവലപ്മെന്റ് ടീമുകളിലേക്കുമാണു പുതിയ റിക്രൂട്ട്‌മെന്റ്.
”ഓയോ അതിന്റെ 3,700 ജീവനക്കാരുടെ അടിത്തറയുടെ 10 ശതമാനം കുറയ്ക്കും. 250 അംഗങ്ങളെ പുതിയതായി നിയമിക്കുകയും 600 ജീവനക്കാരെ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇത്,” കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സുഗമമായ പ്രവര്‍ത്തനത്തിനായി പ്രൊഡക്റ്റ്്, എന്‍ജിനീയറിങ് ടീമുകളെ ലയിപ്പിക്കുമെന്നു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പിരിച്ചുവിടല്‍ പ്രക്രിയയില്‍ കഴിയുന്നത്ര ജീവനക്കാരെ സഹായിക്കുമെന്നും ശരാശരി മൂന്നു മാസം വരെ അവരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തുടരുമെന്നും കമ്പനി അറിയിച്ചു.
”ഞങ്ങള്‍ പറഞ്ഞുവിടേണ്ടി വരുന്ന ഭൂരിഭാഗം ആളുകളും നേട്ടമുള്ള തൊഴില്‍ ചെയ്യുന്നവരാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ ജീവനക്കാരുടെ കരുത്ത് ഉറപ്പാക്കുന്നതിനു ടീമിലെ ഓരോ അംഗവും ഞാനും സജീവമായി പ്രവര്‍ത്തിക്കും,” ഓയോ സ്ഥാപകനും ഗ്രൂപ്പ് സി ഇ ഒയുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു:
”കമ്പനിക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രതിഭാധനരായ നിരവധി വ്യക്തികളുമായി വേര്‍പിരിയേണ്ടിവരുന്നതു നിര്‍ഭാഗ്യകരമാണ്. ഓയോ വളരുകയും ഭാവിയില്‍ ഈ ജോലിയില്‍ ചിലതിന്റെ ആവശ്യകത ഉയര്‍ന്നുവരുകയും ചെയ്യുമ്പോള്‍, ആദ്യം അവര്‍ക്ക് അവസരം നല്‍കാനു ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് നിരവധി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ട്വിറ്ററും മെറ്റയും ഉള്‍പ്പെടെയുള്ള വന്‍കിട ടെക് കമ്പനികള്‍ അടുത്തിടെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി ഐടി കമ്പനികളും ഇതേ പാതയിലാണ്.