ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് നിരക്ക്. ‘ഓക്‌സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓക്‌സിജന്‍ ബാറില്‍ പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ ലഭിക്കുക.

ഈ ആശയം ഇന്ത്യയിൽ പുതിയതായിരിക്കാം, പക്ഷേ പല രാജ്യങ്ങളിലും വിനോദ ആവശ്യങ്ങൾക്കും അരോമ തെറാപ്പിക്കും ഓക്സിജൻ ബാറുകളുണ്ട്. മേയിൽ ആര്യവീർ കുമാറാണ് ഡൽഹിയിലെ സാകേതിൽ ‘ഓക്സി പ്യൂർ’ എന്ന ഓക്സിജൻ ബാർ തുറന്നത്.

രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അസഹനീയമായതിനു പിന്നാലെ ഒട്ടേറെപ്പേര്‍ ശുദ്ധവായുവിനായി ഓക്‌സിജന്‍ ബാറില്‍ എത്തുന്നുണ്ട്. ന്യൂഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന ‘ഓക്സി പ്യൂർ’ 299 രൂപ മുതൽ ശുദ്ധമായ ഓക്സിജൻ വാഗ‌്‌ദാനം ചെയ്യുന്നു. ബാറില്‍ ഇരുന്നു കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യവും ചെറിയ ബോട്ടിലുകളില്‍ ഓക്‌സിജന്‍ കൊണ്ടു പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്.

പൂനെ അടക്കം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ഓക്‌സിജന്‍ ബാര്‍, അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കൂടി തുറക്കാന്‍ ‘ഓക്‌സി പ്യൂര്‍’ പദ്ധതിയിടുന്നുണ്ട്. ഈ വർഷം ഡിസംബറോടെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ഡൽഹി വിമാനത്താവളത്തിൽ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook