ലണ്ടൻ: യുവത്വത്തിന്റെ രാഷ്ട്രീയ ഉയിർത്തെഴുന്നേല്പിനുള്ള അംഗീകാരമായി ‘youthquake’ എന്ന ഇംഗ്ലീഷ് വാക്കിനെ 2017 ലെ വാക്കായി ഓക്സസ്‌ഫോർഡ് ഡിക്ഷണറി തിരഞ്ഞെടുത്തു.

യുവജങ്ങനൾക്കിടയിൽ ഉടലെടുക്കുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ സമൂല മാറ്റത്തെ സൂചിപ്പിക്കുന്ന വാക്കാണ് youthquake. ‘വോഗ്’ എഡിറ്റർ ആയിരുന്ന ഡയാന റീലാൻഡ് ആണ് 1960 ൽ ഈ വാക്ക് ഉപയോഗിച്ചത്. ഫാഷൻ, സംഗീതം, നിലപാട് എന്നിവയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കാനാണ് അന്ന് റീലാൻഡ് ആ വാക്കു ഉപയോഗിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

എന്നാൽ ആധുനിക യുഗത്തിൽ യുവ ജനങ്ങളുടെ ഉയിർത്തെഴുന്നേൽക്കുന്ന രാഷ്ട്രീയ ബോധത്തിന്റെ പ്രതീകമാണ് ഈ വാക്കെന്നു ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി വ്യക്തമാക്കുന്നു. ഈ വാക്കിന്റെ ഉപയോഗം 2017 ൽ അഞ്ചിരട്ടി വർധിച്ചതായി ഓക്സസ്‌ഫോർഡ് ഡിക്ഷണറിയുടെ കാസ്പെർ ഗ്രേത്വോയ് ചൂണ്ടിക്കാട്ടി.

യുകെയിലെ പൊതു തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരുടെ പങ്കാളിത്തത്തിന്റെ ശക്തമായ പ്രതീകമായി youthquake മാറിയതായും അദ്ദേഹം പറഞ്ഞു. ജൂണിൽ ബ്രിട്ടനിൽ നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം കൊയ്തപ്പോൾ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട വാക്കും youthquake ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ