ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അനുമതി. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും അടിയന്തിരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ച അനുമതി നൽകി.

“വേണ്ടത്ര പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ സിഡിഎസ്‌സിഒ തീരുമാനിച്ചു, അതനുസരിച്ച്, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി അംഗീകരിക്കുകയും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് കാഡിലയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു,” മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഡിസിജിഐ പറഞ്ഞു.

Read More: കോവിഡ് വാക്സിൻ: ദേശീയ ഡ്രൈറൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്തും

ജനുവരി ഒന്നിന്, കോവിഷീൽഡ് അടിയന്തിര ഉപയോഗത്തിനായി ശുപാർശ ചെയ്തിരുന്നു. ജനുവരി രണ്ടിന് നിയന്ത്രിത ഉപയോഗത്തിനായി കോവാക്സിനും ശുപാർശ ചെയ്തു.

രണ്ട് കമ്പനികളും തങ്ങളുടെ ട്രയൽ റൺസിന്റെ ഡാറ്റ സമർപ്പിച്ചതായും “നിയന്ത്രിത ഉപയോഗത്തിന്” അനുമതി നൽകിയിട്ടുണ്ടെന്നും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമാനി പറഞ്ഞു. “ചെറിയ തോതിലെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. വാക്സിനുകൾ 110% സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ എല്ലാ വാക്സിനും സാധാരണമാണ്,” വാക്സിനുകൾ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി സോമാനി പറഞ്ഞു.

ഡിസിജിഐ അംഗീകാരത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവുമെത്തി. “അടിയന്തര ഉപയോഗ അനുമതി നൽകിയ രണ്ട് വാക്സിനുകളും ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു! ഒരു ആത്മനിർഭർ ഭാരതത്തിന്റെ സ്വപ്നം നിറവേറ്റാനുള്ള നമ്മുടെ ശാസ്ത്ര സമൂഹത്തിന്റെ ആകാംക്ഷയാണ് ഇത് കാണിക്കുന്നത്. അതിന്റെ അതിത്തറ കരുതലും അനുകമ്പയുമാണ്.”

വാക്സിന്‍ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈ റണ്‍ രാജ്യത്തെല്ലായിടത്തും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. വിദഗ്ധ ശുപാര്‍ശയില്‍ രാജ്യത്തെ ഡ്രഗ്സ് കണ്‍ട്രോളര്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook