ന്യൂഡൽഹി: ഓക്സ്ഫോർഡ്-ആസ്ട്രാസെനെക കോവിഡ്-19 പ്രതിരോധ മരുന്ന് പരീക്ഷണം പുനരാരംഭിച്ചു. നേരത്തെ മരുന്നു പരീക്ഷണത്തിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെതത്തിയതിനെത്തുടർന്ന് മരുന്നു പരീക്ഷണം നിർത്തിവയ്ക്കുന്നതായി മരുന്നു കമ്പനിയായ ആസ്ട്രാസെനെക പ്രഖ്യാപിച്ചിരുന്നു.
മരുന്ന് പരീക്ഷണം സുരക്ഷിതമാണെന്ന് മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആർഎ) സ്ഥിരീകരിച്ചതോടെയാണ് പരീക്ഷണം പപുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് ആസ്ട്രാസെനെക അറിയിച്ചു.
ആസ്ട്രാസെനെക മരുന്ന് പരീക്ഷണം നിർത്തിവച്ചതിന് പിറകെ ഇന്ത്യയിൽ ഈ മരുന്നിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മരുന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് ആസ്ട്രസെനെക ചോവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പിറകേയിരുന്നു ഇന്ത്യയിലെ പരീക്ഷണം നിർത്തിവയ്ക്കാനുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം.
Read More: എല്ലാ പനിയും കോവിഡിന്റെ ലക്ഷണമല്ല; വ്യത്യാസം അറിയാം
ആസ്ട്രസെനെക മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത വോളണ്ടിയർക്ക് നാഡീരോഗ ലക്ഷണങ്ങൾ രൂപപ്പെട്ടതായാണ് കണ്ടെത്തിയത്.ഏത് രാജ്യത്തെ മരുന്നു പരീക്ഷണത്തിൽ പങ്കെടുത്ത വോളണ്ടിയർക്കാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. അപൂര്‍വ്വവും ഗുരുതരവുമായ നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന ട്രാൻവേഴ്‌സ് മൈലൈറ്റിസ് എന്ന അസുഖമാണ് ബാധിച്ചതെന്ന് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്പനി നിക്ഷേപകരുമായി നടത്തിയ സ്വകാര്യ കോൺഫറൻസ് കോളിനിടെയാണ് വോളണ്ടിയറായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ആസ്ട്രസെനെക സിഇഒ പാസ്കൽ സോറിയറ്റ് പുറത്തുവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗം ബാധിച്ച യുവതിയുടെ നില മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും സിഇഒ പറഞ്ഞു. യുവതിക്ക് നൽകിയത് ഡമ്മി വാക്സിനല്ല യഥാർഥ വാക്സിൻ തന്നെയാണെന്നും സിഇഒ പറഞ്ഞു.
Read More: പ്ലാസ്മ തെറാപ്പി മരണനിരക്ക് കുറയ്ക്കില്ലെന്ന് ഐസിഎംആർ പഠനം
വാക്സിനിന്റെ മൂന്നാംഘട്ട ട്രയലാണ് വിവിധ രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് യഥാർഥ വാക്സിനോ അല്ലെങ്കിൽ അതിന്റെ ഡമ്മിയോ ആണ് നൽകുക. എന്നാൽ എന്താണ് അവർക്ക് നൽകിയതെന്ന് പരീക്ഷണ വിധേയർ അറിയില്ല. പിന്നീട് അവർ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകും. തുടർന്ന് ഇവരെ നിരീക്ഷിക്കുകയും യഥാർഥ വാക്സിൻ നൽകിയവർക്കാണോ ആല്ലാത്ത ഗ്രൂപ്പിനാണോ രോഗത്തെ പ്രതിരോധിക്കാനായതെന്ന് പരിശോധിക്കുകയും ചെയ്യും.
അതേസമയം ഇന്ത്യയിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം കോവിഡ് രോഗബാധ പുതുതായി സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയം ശനിയാഴ്ച രാവിലെ എട്ടിന് പ്രസിദ്ധീകരിച്ച കണക്കുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 46 ലക്ഷം കടന്ന് 46,59,985 ലെത്തി.
Read More: കോവിഡ് പ്രതിരോധത്തിന് ഇത് ബൊമ്മനഹള്ളി മാതൃക
1,201 കോവിഡ് മരണങ്ങളാണ് 24 മണിക്കൂർ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. ഇതോെടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 77,472 ആയി. നിലവിൽ രാജ്യത്ത് 9,58,316 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 36,24,197 പേർ രോഗമുക്തി നേടി.
ആഗോളതലത്തിൽ 2.8 കോടിയിലധികം ആളുകൾക്ക് ഇതിനകം കോവിഡ് ബാധിച്ചു. 915,356 പേരാണ് ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 19,215,800 പേർ ഇതുവരെ രോഗമുക്തി നേടി. യുഎസിലാണ് രോഗബാധ ഏറ്റവും കൂടുതൽ. ഇന്ത്യയും ബ്രസീലുമാണ് തൊട്ടുപിറകിൽ.
Read More: Oxford resumes Covid vaccine trials days after halt over ‘adverse’ reaction