പനാജി: ഗോവയില്‍ ബീച്ച് കഫേകളിലും നിശാക്ലബ്ബുകളിലും പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രശസ്തമായ കേര്‍ളീസ് (Kurlies) ബീച്ച് കഫേയുടെ ഉടമസ്ഥനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു. കഫേകളില്‍ നിന്നും ഇവിടെയെത്തിയ അതിഥികളില്‍ നിന്നും ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. കഫേയിലെ ജോലിക്കാരില്‍ നിന്നും കെട്ടുകണക്കിന് എല്‍എസ്ഡി,കൊക്കെയ്ന്‍, മെത്താഡണ്‍, ചരസ്, കഞ്ചാവ് എന്നിവ കണ്ടെത്തിതയാണ് പൊലീസ് റിപ്പോർട്ട്.

അഞ്ചുനയിലെ നിശാ ക്ലബ്ബുകളില്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത രണ്ട് യുവാക്കളുടെ മൃതദേഹം പിറ്റേന്ന് കടല്‍തീരത്ത് നിന്നും കണ്ടെത്തിയിരുന്നു. അമിത ലഹരി ഉപയോഗമാണ് ഇവരുടെ മരണത്തിന് കാരണമാക്കിയതെന്നാണ് നിഗമനം. മരിച്ചവരില്‍ ഒരാള്‍ മലയാളിയും ഒരാൾ തമിഴ്‌നാട് സ്വദേശിയും ആയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടി ശക്തമാക്കുകയായിരുന്നു.

ഗോവയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അനധികൃത നിശാപാര്‍ട്ടികളും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കറും സ്വാതന്ത്രദിന പ്രസംഗത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. കേര്‍ളീസിന്റെ ഉടമസ്ഥനായ എഡ്വിന്‍ ന്യൂണ്‍സ്, ക്ലബ്ബ് ന്യെക്സ് ഉടമസ്ഥനായ രോഹന്‍ ഷെട്ടി എന്നിവരെ അറസ്റ്റ് ചെയ്തതായി ഉത്തരഗോവ പൊലീസ് സുപ്രണ്ട് ചന്ദന്‍ ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ബെംഗളുരൂ സ്വദേശികളേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരില്‍ നിന്നും ലഹരി മരുന്ന്പിടിച്ചെടുത്തു. അനധികൃത നിശാപാര്‍ട്ടികളിലാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി നിശാ പാര്‍ട്ടികളിലെ ഡാന്‍സ് ഫ്‌ളോറില്‍ ആവേശം കുറയാതെ പ്രകടനം നടത്താനാണ് കഞ്ചാവും കെറ്റമിനും അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത്.

അനാശാസ്യ പ്രവർത്തനങ്ങളും  ലഹരി ഉപയോഗവും പതിവായത് കൊണ്ടു തന്നെ ഗോവയില്‍ പല നിശാ പാര്‍ട്ടികളും പരിപാടികളും അതീവരഹസ്യമായാണ് നടത്തുന്നത്. രാത്രി മുഴുവന്‍ ആടിതിമിര്‍ക്കണമെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെ തരമില്ല. കൂടുതലായും എല്‍എസ്ഡിയാണ് ഉപയോഗിക്കുന്നത്. ഡാന്‍സ് ബാറില്‍ ആടുന്നവര്‍ മുതല്‍ ഡിജെക്കാര്‍ വരെ പതിവായി എല്‍എസ്ഡിയാണ് ഉപയോഗിക്കുന്നതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ക്ലബ്ബ് ഉടമസ്ഥര്‍ക്കുളള രാഷ്ട്രീയ പിടിപാട് കാരണം ഇവ കണ്ടെടുക്കുന്നതിന് സഹായകമായ രീതിലുളള റെയ്ഡുകള്‍ ഇപ്പോഴും സജീവമാകാത്തതാണ് ഗോവയില്‍നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗം വ്യാപകമാകാന്‍ കാരണമെന്നുമാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook