ന്യൂഡൽഹി: ഉത്തർപ്രദേശിൽ തനിക്ക് നേർക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം നൽകിയ ‘ഇസഡ്’ കാറ്റഗറി സുരക്ഷ നിരസിക്കുന്നതായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.
തന്നെ ആക്രമിച്ചവർക്കെതിരെ യുഎപിഎ പ്രകാരമുള്ള കടുത്ത വകുപ്പുകൾ ചുമത്തണമെന്നും രാജ്യത്തെ തീവ്രവാദിരാഷ്ട്രീയം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണമെന്നും ലോക്‌സഭയിൽ ഒവൈസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുമ്പോൾ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂരിൽ ഒവൈസിയുടെ കാറിന് നേർക്ക് വെടിയുതിർത്തിരുന്നു.
“എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ല. നിങ്ങളെല്ലാവർക്കും തുല്യമായി എ-കാറ്റഗറി പൗരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് എനിക്ക് നേരെ വെടിയുതിർത്തവർക്കെതിരെ യുഎപിഎ ചുമത്താത്തത്? …എനിക്ക് ജീവിക്കണം, സംസാരിക്കണം. പാവപ്പെട്ടവർ സുരക്ഷിതരായിരിക്കുമ്പോൾ എന്റെ ജീവിതം സുരക്ഷിതമാകും. എന്റെ കാറിന് നേരെ വെടിയുതിർത്തവരെ ഞാൻ ഭയപ്പെടില്ല,” അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
Also Read: ഡൽഹിയിലേക്കുള്ള യാത്രക്കിടെ തന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായെന്ന് ഒവൈസി
നേരത്തെ, സംസ്ഥാന സർക്കാർ പ്രതികളെ അറസ്റ്റ് ചെയ്തതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും വാഹനവും പിടിച്ചെടുത്തതായും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച സഭയിൽ പ്രസ്താവന നടത്തുമെന്ന് ഗോയൽ പറഞ്ഞു.
പ്രയാഗ്‌രാജിൽ നടന്ന ധർമ്മ സൻസദും ആക്രമണത്തിന് പിറകിൽ കാരണമായിട്ടുണ്ടാവാമെന്ന് ഒവൈസി ആരോപിച്ചു. ‘സൻസദിലെ ആളുകൾ എഴുന്നേറ്റു നിന്ന് എന്നെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു’ എന്നും അദ്ദേഹം പറഞ്ഞു.
“അവരുടെ പിന്നിൽ (ഷൂട്ടർമാർ) ധാരാളം ആളുകൾ ഉണ്ട്. ഈയിടെ പ്രയാഗ്‌രാജിൽ ‘ധർമ്മ സൻസദ്’ എന്ന് വിളിക്കപ്പെടുന്ന ഒരു പരിപാടി നടന്നു. അവിടെ ആളുകൾ എഴുന്നേറ്റു നിന്ന് എന്നെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു. എന്തുകൊണ്ടാണ് സർക്കാർ ഈ സംഘങ്ങൾക്കെതിരെ ഒന്നം ചെയ്യാത്തത്,” ഒവൈസിയെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എല്ലാ മതങ്ങൾക്കും വേണ്ടി ഒരു ഡി-റാഡിക്കലൈസേഷൻ ഗ്രൂപ്പ് സ്ഥാപിക്കണമെന്നും എഐഎംഐഎം എംപി ആവശ്യപ്പെട്ടു. “എല്ലാ മതങ്ങൾക്കും വേണ്ടി ഒരു ഡീ-റാഡിക്കലൈസേഷൻ ഗ്രൂപ്പ് സ്ഥാപിക്കാൻ 2015ൽ പാർലമെന്റിൽ ഞാൻ ഇത് ആവശ്യപ്പെട്ടിരുന്നു. റാഡിക്കലൈസേഷൻ മഹാത്മാഗാന്ധിയെയും നമ്മുടെ രണ്ട് മുൻ പ്രധാനമന്ത്രിമാരെയും മറ്റ് പല നേതാക്കളെയും കൊന്നു, ”അദ്ദേഹം പറഞ്ഞു.
അതേസമയം, ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തതായി ഹാപൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും അറിയിച്ചു.
Also Read: പഞ്ചാബ് തിരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തിന് വേണ്ടത് ദുർബലനായ മുഖ്യമന്ത്രിയെ എന്ന് സിദ്ദു
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ്, വ്യാഴാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ ഹാപൂരിൽ വെച്ചാണ് ഒവൈസിക്ക് നേർക്ക് ആക്രമണമുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഒവൈസി പറഞ്ഞു.
പ്രതികളിലൊരാൾ ഗൗതം ബുദ്ധ് നഗറിലെ ബദൽപൂരിൽ താമസിക്കുന്ന സച്ചിൻ ആണെന്നും മറ്റൊരാൾ സഹരൻപൂരിലെ നകൂർ സ്വദേശിയായ ശുഭം എന്നയാൾ ആണെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.