ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് എംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്നലെ ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ഒവൈസി രംഗത്തെത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് സംവരണം നല്‍കാനുള്ള നീക്കം ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുന്നു. അത് ഭരണഘടനയോടുള്ള വഞ്ചനയാണ്. ഭരണഘടന സാമ്പത്തിക പിന്നാക്കാവസ്ഥ മാനിച്ചല്ല സംവരണം ഉറപ്പുവരുത്തുന്നത്. കൃത്യമായ ഡാറ്റകളും തെളിവുകളുമില്ലാതെ തട്ടിപ്പ് നടത്താന്‍ സാധിക്കുന്നതാകും നിയമം. സംസ്ഥാനങ്ങള്‍ക്ക് ഇതൊരു ഭാരമായിരിക്കും. മറാത്ത സംവരണത്തിന്റെ ഗതി എന്താകുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്” ഒവൈസി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ബില്‍ അംബേദ്കറിനെ അപമാനിക്കുന്നതാണ്. സംവരണത്തിന്റെ ലക്ഷ്യം സാമൂഹികമായി പിന്നിലുള്ളവര്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുക എന്നായിരുന്നുവെന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു. നീതിയാണ് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. സവര്‍ണര്‍ എന്നെങ്കിലും അയിത്തം, വിവേചനം, അടിച്ചമര്‍ത്തല്‍, പൊലീസ് മര്‍ദ്ദനം തുടങ്ങിയവ അനുഭവിച്ചിട്ടുണ്ടോ? ഇതൊക്കെ ഈ നാട്ടിലെ ദലിതരും പിന്നാക്ക വിഭാഗക്കാരും മുസ്‌ലിമും മാത്രം അനുഭവിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും എംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. എഐഎഡിഎംകെയും എഐയുഡിഎഫും പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സിപിഎമ്മും കോണ്‍ഗ്രസും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ന് ബില്‍ രാജ്യസഭ പരിഗണിക്കും. രണ്ടിനെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook