ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കോവിഡ് തരംഗം ആഞ്ഞുവീശിയ 2020 ഏപ്രിൽ ഒന്നിനും ഈ വർഷം ജൂൺ അഞ്ചിനുമിടയിൽ അനാഥരായത് 3,621 കുട്ടികള്‍. 26,176 പേര്‍ക്ക് മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടമായി. 274 പേർ ഉപേക്ഷിക്കപ്പെട്ടുവെന്നും ദേശീയ ബാലാവകാശ കമ്മിഷൻ (എൻസിപിസിആർ) സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
മാതാപിതാക്കളുടെ മരണം കോവിഡ് -19 മായി ബന്ധപ്പെട്ടതു മാത്രമല്ലെന്നും മറ്റു കാരണങ്ങളാലും സംഭവിച്ചതാണെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പരിചരണവും സംരക്ഷണവും ആവശ്യമാണെന്ന് കമ്മിഷൻ പറഞ്ഞ 30,071 കുട്ടികളിൽ 15,620 ആൺകുട്ടികളും 14,447 പെൺകുട്ടികളും നാലുപേർ ട്രാൻസ്ജെൻഡർമാരുമാണ്. ഇതില്‍ ഭൂരിഭാഗവും (11,815) എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ്. നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ള 5,107 കുട്ടികളുമുണ്ട്.
ഇവ സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയയും കണക്കുകൾ എൻസിപിസിആറിന്റെ ‘ബാൽ സ്വരാജ്’ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ ഏറ്റവു കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്, 7,084 പേര്‍. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശ് (3,172), രാജസ്ഥാന്‍ (2,482) എന്നിവയാണ്. ഹരിയാന (2,438), മധ്യപ്രദേശ് (2,243), കേരളം (2,002) എന്നിവയാണ് രണ്ടായിരത്തിലധികം കുട്ടികള്‍ അനാഥരായ മറ്റ് സംസ്ഥാനങ്ങള്‍.
Also Read: ചെറുകിട സ്വകാര്യ ആശുപത്രകളിലും വാക്സിന്‍ വിതരണം; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം
കോവിഡിന്റെ പശ്ചാത്തലത്തിൽ ശിശുസംരക്ഷണ ഭവനങ്ങളിലെ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച് സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടെ, സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മേയ് 29 വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മിഷൻ മേയ് 31 ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
എന്നാല്‍ ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ നല്‍കാത്തത് കമ്മിഷന്‍ കോടതിയെ അറിയിച്ചു. രൂക്ഷമായ ഭാഷയിലായിരുന്നു കോടതിയുടെ പ്രതികരണം. 2020 മാര്‍ച്ചിനു ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ നല്‍കാനാണ് ഉത്തരവിട്ടത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൃത്യമായി മനസിലായ ഉത്തരവ് എന്തുകൊണ്ട് പശ്ചിമ ബംഗാളിനു മാത്രം ബാധകമായില്ലെന്ന് കോടതി ചോദിച്ചു.