ഷുജാൽപൂർ (മധ്യപ്രദേശ്): ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം. നിരവധി പേർക്ക് പരുക്കേറ്റു. ജാബ്ദി-കലാപിപാൽ സ്റ്റേഷനുകൾക്കിടയിൽ വച്ചു ഇന്നു രാവിലെ 9.50 ഓടെയായിരുന്നു സംഭവം.
ജനറൽ കോച്ചിലാണ് സ്ഫോടനമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഭീകര വിരുദ്ധ സ്ക്വാഡും ഇന്റലിജൻസ് ഓഫിസർമാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നിരോധിത തീവ്രവാദ സംഘടനയായ സിമി പ്രവർത്തകരുടെ സ്വാധീനമുള്ള മേഖലയിലാണ് സ്ഫോടനം നടന്നത്. അതിനാൽത്തന്നെ സ്ഫോടനത്തിനു പിന്നിൽ സിമി പ്രവർത്തകർക്കും പങ്കുണ്ടോയെന്നും സംശയിക്കുന്നു.