ന്യൂഡൽഹി: കോവിഡ് -19 മഹാവ്യാധി പടർന്നു പിടിച്ചത് മറ്റു രോഗങ്ങളുടെ ചികിത്സയെ സാരമായി ബാധിക്കുമെന്ന് പഠനം. ഈ വർഷം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ച ശസ്ത്രക്രിയകളുടെ നാലിൽ മൂന്നോളം മാറ്റിവയ്ക്കേണ്ടി വരുമെന്ന് 120 രാജ്യങ്ങളിൽ നിന്നുള്ള 5,000 ശസ്ത്രക്രിയാ വിദഗ്ധരുടെ കൺസോർഷ്യം നടത്തിയ പഠനത്തിൽ പറയുന്നു.

ഇന്ത്യയിൽ 5,80,000 ശസ്ത്രക്രിയകളാണ് നിലവിലെ സാഹചര്യത്തിൽ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരിക. ഈ വർഷം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ച ആകെ ശസ്ത്രക്രിയകളുടെ 71 ശതമാനമാണിത്. ലോകത്താകെ 2.84 കോടിയിലധികം ശസ്ത്രക്രിയകളാണ് ഇത്തരത്തിൽ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരികയെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രിട്ടിഷ് ജേണൽ ഓഫ് സർജറിയിലാണ് പഠന ഫലം പുറത്തുവന്നിട്ടുള്ളത്.

കോവിഡ് പ്രതിസന്ധി നീണ്ടാൽ കൂടുതൽ ശസ്ത്രക്രിയകൾ മുടങ്ങും

കോവിഡ് -19 കാരണം ആശുപത്രികളുടെ പ്രവർത്തനം 12 ആഴ്ച താളം തെറ്റിയതോടെ ഈ വർഷം ആകെ 2.84 കോടി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്കെത്തി. ഇനിയും ഇത് ലോകവ്യാപകമായി തുടരുകയാണെങ്കിൽ ഒരാഴ്ച ആശുപത്രികളുടെ പ്രവർത്തനം നിർത്തിയാൽ 24 ലക്ഷം വീതം എന്ന നിലയിൽ ശസ്ത്രക്രിയകൾ അധികമായി മാറ്റിവയ്ക്കേണ്ടി വരുമെന്നും പഠനത്തിൽ പറയുന്നു.

Read More | പ്രത്യാശ: അര്‍ബുദ രോഗി കൊറോണവൈറസിനെ തോല്‍പ്പിച്ചു

ഇന്ത്യയിൽ 12 ആഴ്ച ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയത് 5,84,737 രോഗികളുടെ ശസ്ത്രക്രിയയെയാണ് ഇതുവരെ ബാധിച്ചത്. അസ്ഥി, പേശി രോഗങ്ങളോ അപകടങ്ങളോ ആയി ബന്ധപ്പെട്ട ശസ്ത്രക്രിയകളാവും കൂടുതലായി റദ്ദാക്കാൻ സാധ്യത.

കോവിഡ് -19 നു ശേഷമുള്ള ശസ്ത്രക്രിയാ പരിചരണത്തെക്കുറിച്ചു നടത്തിയ പഠനത്തിന് ഇന്ത്യ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബ്രിട്ടൺ, സ്പെയിൻ, നൈജീരിയ, യുഎസ്, ഖാന, ബെനിൻ, റുവാണ്ട, മെക്സികോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധരാണ് നേതൃത്വം നൽകിയത്. 71 രാജ്യങ്ങളിലെ 359 ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ പഠന വിധേയമാക്കി. ഈ വിവരങ്ങൾ പ്രകാരം കോവിഡ് രോഗവ്യാപനം 190 രാജ്യങ്ങളിലെ ശസ്ത്രക്രിയകളെ എത്രത്തോളം ബാധിക്കുമെന്ന് കണക്കാക്കുകയായിരുന്നു പഠനത്തിൽ.

23 ലക്ഷം കാൻസർ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരും

23 ലക്ഷം കാൻസർ ശസ്ത്രക്രിയകൾ മാത്രം ലോക വ്യാപകമായി മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് പഠന റിപോർട്ടിൽ പറയുന്നത്. എന്നാൽ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ കാൻസർ ഇതര രോഗങ്ങളുടെ ശസ്ത്രക്രിയകളെയാവും കോവിഡ് രോഗവ്യാപനം കൂടുതലായി ബാധിക്കുക. ലോകത്താകെയുള്ള കണക്ക് പ്രകാരം, മുൻകൂട്ടി തീരുമാനിച്ച കാൻസർ, കാൻസർ ഇതര ശസ്ത്രക്രിയകളിൽ 72.3 ശതമാനവും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യേണ്ടി വരും.

രോഗികൾക്ക് വലിയ പ്രതിസന്ധി

ശസ്ത്രക്രിയകൾ റദ്ദാക്കുന്നത് രോഗികൾക്കും സമൂഹത്തിനും വലിയ പ്രതിസന്ധിയാവുകയാണെന്ന് പഠനത്തിൽ പങ്കാളിയായ, ബാമിങ്ഹാം സർവകലാശാലയിൽ നിന്നുള്ള അനീൽ ഭാൻഗു പറഞ്ഞു. രോഗികളുടെ ആവസ്ഥ ദയനീയമാവുകയാണ്. ശസ്ത്രക്രിയക്കായി കാത്തിരിപ്പ് നീളുന്നത് അവരുടെ ജീവിത നിലവാരത്തെത്തന്നെ ബാധിക്കുന്നു. ശസ്ത്രക്രിയ നീട്ടിവയ്ക്കുന്നത്, ഒഴിവാക്കാമായിരുന്ന മരണങ്ങൾക്ക് കാരണമാവും. കാൻസർപോലെയുള്ള രോഗങ്ങളുടെ ശസ്ത്രക്രിയ വൈകുന്നത്, രോഗികളുടെ മരണത്തിലേക്ക് വരെ നയിക്കാമെന്നും ഭാൻഗു പറഞ്ഞു.

Read More | കൊറോണ വൈറസ്: കാൻസർ രോഗികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

“കോവിഡ്-19 മഹാവ്യാധിയുടെ സമയത്ത് ചില ശസ്ത്രക്രിയകൾ മാറ്റിവച്ചിരുന്നു. രോഗികളിലേക്ക് കോവിഡ് വ്യാപിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കാനായിരുന്നു അത്. ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു. പല ആശുപത്രികളിലും ശസ്ത്രക്രിയാ മുറികൾ കോവിഡ് തീവ്ര പരിചരണ വിഭാഗത്തിനായി ഉപയോഗിക്കുകയായിരുന്നു.” – അനീൽ ഭാൻഗു പറഞ്ഞു.

Read More | Over 580,000 surgeries in India may be cancelled due to COVID-19: Study

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook