ന്യൂഡൽഹി: കഴിഞ്ഞ വർഷം അരലക്ഷത്തിലേറെ ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായെന്ന് കണക്ക്. 2016 ലേതിനേക്കാൾ നാലായിരം പേരാണ് പൗരത്വം നേടിയത്. 2017 ൽ 50802 പേരാണ് അമേരിക്കൻ പൗരത്വം നേടിയത്. ഇന്ത്യക്കാരായ 46188 പേരാണ് 2016 ൽ പൗരത്വം ഉപേക്ഷിച്ചത്. 2015 ൽ ഇത് 42213 ആയിരുന്നു. ഓരോ വർഷവും കൂടുതൽ പേർ രാജ്യം വിടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം എല്ലാ രാജ്യങ്ങളിൽ നിന്നുമായി 707,265 പേരാണ് മറ്റ് രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം നേടിയത്. 2016 ൽ 7,53,060 പേരും 2015 ൽ 7,30,259 പേരും അമേരിക്കൻ പൗരത്വം നേടി. മെക്സിക്കോയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അമേരിക്കയിലേക്ക് കുടിയേറിയത്. 1,18,559 പേരാണ് മെക്സിക്കോ വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

ചൈന (37654) മൂന്നാം സ്ഥാനത്തും, 36828 പേരുമായി ഫിലിപ്പീൻസ് നാലാം സ്ഥാനത്തുമാണ്. ഡൊമിനിക്കൻ റിപ്പബ്ലിക് (29,734), ക്യൂബ (25,961)യുമാണ് തൊട്ടുപിന്നിൽ.

അമേരിക്കൻ പൗരത്വം നേടിയവരിൽ 396,234 പേർ സ്ത്രീകളാണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരിൽ 12000 പേർ കാലിഫോർണിയയിലാണ് താമസിക്കുന്നത്. 5900 പേർ ന്യൂജഴ്സിയിലും 3700 പേർ ടെക്സസിലുമാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. 7100 ഓളം പേർ ന്യൂയോർക്കിലും പെൻസിൽവാനിയയിലുമായി താമസമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook