ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. പൗരത്വം ഉപേക്ഷിച്ചവർ ഏറ്റവും കൂടുതൽ പൗരത്വം എടുത്തത് അമേരിക്കയിൽ ആണെന്നും കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു.
2021ൽ മാത്രം 1.63 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 78,000-ത്തിലധികം പേർ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.

2019 ൽ 1.44 ലക്ഷം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ ഇത് 85,256 ആയി കുറഞ്ഞു, എന്നാൽ കഴിഞ്ഞ വർഷം ഇത് വീണ്ടും ഉയർന്നു.
അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പൗരന്മാർ പൗരത്വം ഉപേക്ഷിച്ചതെന്ന് ബിഎസ്പി എംപി ഹാസി ഫസ്ലുർ റഹ്മാന്റെ ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ പറഞ്ഞു.
കണക്കുകൾ പ്രകാരം, സിംഗപ്പൂർ (7,046), സ്വീഡൻ (3,754) എന്നി രാജ്യങ്ങളാണ് ഇന്ത്യക്കാർ കൂടുതലായി തിരഞ്ഞെടുത്തിരിക്കുന്നത്, ബഹ്‌റൈൻ (170), അംഗോള (2), ഇറാൻ (21), ഇറാഖ് (1) എന്നീ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കാനും പലരും പൗരത്വം ഉപേക്ഷിച്ചു. 2021ൽ ഒരാൾ ബുർക്കിന ഫാസോയുടെ പൗരത്വം സ്വീകരിച്ചു.
1,400ലധികം പേർ ചൈനീസ് പൗരത്വം സ്വീകരിച്ചതായും കണക്കുകൾ കാണിക്കുന്നു, അതേസമയം 48 പേരാണ് പാക്കിസ്ഥാന് പൗരത്വം സ്വീകരിച്ചത്.