അഹമ്മദാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാർട്ടി യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

‘ഉറി ആക്രമണത്തിന് ശേഷം സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ പുല്‍വാമ ആക്രമണം കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു സര്‍ജിക്കല്‍ സ്‌ട്രൈക്ക് സാധ്യമല്ല എന്ന്. എന്നാല്‍ 13ാമത്തെ ദിവസം നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ മിന്നലാക്രമണത്തില്‍, 250 ഭീകരരാണ് കൊല്ലപ്പെട്ടത്. മറ്റൊരു നഷ്ടവും സംഭവിച്ചിട്ടില്ല,’ അമിത് ഷാ പറഞ്ഞു.

‘വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ തടങ്കലിലാക്കിയപ്പോള്‍ അവര്‍ വീണ്ടും തുടങ്ങി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വാധീനം കൊണ്ട് അദ്ദേഹത്തെ ഉടന്‍ തന്നെ മോചിപ്പിച്ചു. ലോകത്ത് ആദ്യമായാണ് ഇത്ര ചെറിയ സമയത്തിനുള്ളില്‍ ഒരു യുദ്ധത്തടവുകാരന്റെ മോചനം സാധ്യമാക്കുന്നത്. 48 മണിക്കൂറിനുള്ളിലാണ് അഭിനന്ദനെ വിട്ടുകിട്ടിയത്,’ ഷാ പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇസ്രയേലിനും ശേഷം സായുധസേനയുടെ ആക്രമണത്തിന് ഉടനടി പ്രതികാരം ചെയ്യാന്‍ സാധിക്കുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ വളര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു.

മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദ്യം ചെയ്തുകൊണ്ട് പാക്കിസ്ഥാന്റെ മുഖത്ത് ചിരി വിടര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

‘മമത ചോദിച്ചു തെളിവുകള്‍ എവിടെയെന്ന്; രാഹുല്‍ പറഞ്ഞു ഇത് രാഷ്ട്രീയവത്കരിക്കുകയാണെന്ന്. അഖിലേഷ് പറഞ്ഞു അന്വേഷണം ആവശ്യമാണെന്ന്. എനിക്ക് അവരെക്കുറിച്ച് നാണക്കേടാണ് തോന്നുന്നത്. നിങ്ങളുടെ പ്രസ്താവനകള്‍ പാക്കിസ്ഥാന്റെ മുഖത്ത് പുഞ്ചിരിയാണ് വിടര്‍ത്തിയത്. നിങ്ങള്‍ക്ക് മോദിയുടേയും സായുധസേനയുടെയും കൂടെ നില്‍ക്കാന്‍ സാധിക്കില്ലെങ്കില്‍ കുറഞ്ഞപക്ഷം മിണ്ടാതിരിക്കാനെങ്കിലും പഠിക്കണം,’ അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook