ന്യൂഡൽഹി: ഈ വർഷം പാക്കിസ്ഥാൻ സൈന്യം 2,050 തവണയോളം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഇതുമൂലം 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം. 2003 ലെ വെടിനിർത്തൽ കരാർ പാലിക്കണമെന്നും നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും സമാധാനം നിലനിർത്തണമെന്നും പാക്കിസ്ഥാനോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

”ഇന്ത്യൻ സേന പരമാവധി സംയമനം പാലിക്കുന്നുണ്ട്. യാതൊരു പ്രകോപനമില്ലാതെ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കും അതിർത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമങ്ങൾക്കുമാണ് പ്രതികരിക്കുന്നത്,” പ്രസ്താവനയിൽ പറയുന്നു.

Read Also: ‘പാക്കിസ്ഥാൻ തോൽക്കുകയാണെങ്കിൽ…’ ഇന്ത്യയുമായി ആണവയുദ്ധത്തിനുള്ള സാധ്യതയെക്കുറിച്ച് ഇമ്രാൻ ഖാൻ

കഴിഞ്ഞ വർഷം മേയിൽ 2003 ലെ വെടിനിർത്തൽ കരാർ കൃത്യമായി പാലിക്കുമെന്ന് ഇന്ത്യയും പാക്കിസ്ഥാനും സമ്മതിച്ചിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സംയമനം പാലിക്കുമെന്നും നിലവിലുള്ള സംവിധാനങ്ങളായ ഹോട്‌ലൈൻ കോൺടാക്ടുകളുടെയും അതിർത്തി പതാക മീറ്റിങ്ങുകളുടെയും ഉപയോഗിച്ചുകൊണ്ട് പ്രാദേശിക കമാൻഡർമാരുടെ തലത്തിൽ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നു.

2003 നവംബറിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുന്നത്. 2016 ൽ ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. 2016 ൽ നിയന്ത്രണരേഖയിൽ 228 വെടിനിർത്തൽ കരാർ ലംഘനങ്ങളാണുണ്ടായത്. 2017 ൽ ഇത് 860 ആയും 2018 ൽ 1,629 ആയും ഉയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook