ഹൈദരാബാദ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തതിന് സമാനമായ സ്വര്‍ണ വേട്ട ഹൈദരാബാദ് വിമാനത്താവളത്തിലും. മൈക്രോവേവ് അവനില്‍ വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച്ചയാണ് സംഭവം ഉണ്ടായത്. 66 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ ഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് റെവന്യു ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.
ഒമാന്‍ എയര്‍ലൈന്‍സില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെളളിയില്‍ പൊതിഞ്ഞ 46 പ്ലേറ്റുകളായാണ് സ്വര്‍ണം മൈക്രോവേവ് അവനില്‍ ഒളിപ്പിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ ട്രാന്‍സ്ഫോമറിനകത്താണ് സ്വര്‍ണംം വെച്ചിരിക്കുന്നത്. വെളളി ഉരുക്കിയതിന് ശേഷം 2,045 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇത് 66 ലക്ഷം രൂപ വില വരുമെന്ന് റെവന്യു ഇന്റലിജന്‍സ് വ്യക്തമാക്കി.
ദുബായില്‍ നിന്നും തന്നയച്ചതാണ് ഇതെന്ന് പ്രതി സമ്മതിച്ചു. ഹൈദരാബാദില്‍ എത്തിച്ചാല്‍ തനിക്ക് പണം നല്‍കുമെന്നാണ് പറഞ്ഞത്. ഇത് തന്റെ സ്വര്‍ണം അല്ലെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച സമാനമായ രീതിയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകമാണ് സംഭവം.
കണ്ണൂരിലും രണ്ട് കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.