ഹരിദ്വാറിൽ നടക്കുന്ന മെഗാ കുംഭമേളയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഏപ്രിൽ 10 മുതൽ 14 വരെ അഞ്ചു ദിവസത്തിനുള്ളിൽ 1700 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത 2,36,751 പേരെ പരിശോധിച്ചതിൽ നിന്നാണ് 1701 പേർ കോവിഡ് ബാധിതരായത്.
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ നടത്തിയ ആർടി-പിസിആർ ആന്റിജൻ പരിശോധനകളിലാണ് സന്യാസിമാരും ഭക്തരും ഉൾപ്പെടെയാണ് ഇത്രയും പേർ കോവിഡ് ബാധിതരായതെന്ന് ഹരിദ്വാറിലെ ചീഫ് മെഡിക്കൽ ഓഫീസർ ശംഭു കുമാർ പറഞ്ഞു. കൂടുതൽ ആർടി-പിസിആർ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കോവിഡ് ബാധിച്ചവരുടെ എണ്ണം 2000 കടന്നേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു
ഹരിദ്വാർ, തെഹ്രി, ഡെറാഡൂൺ, ഋഷികേശ് ജില്ലകൾ ഉൾപ്പടെ 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. വിശേഷ ദിവസങ്ങളായ ഏപ്രിൽ 12 നും 14 നുമായി ഏകദേശം 48.51 ലക്ഷം ആളുകളാണ് ഷാഹി സ്നാനത്തിനായി ഗംഗാതീരത്ത് എത്തിയത്. രണ്ടു ദിവസങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1038 മരണവും 2,00,739 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലക്ഷം കടക്കുന്നത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ബുധനാഴ്ച മാത്രം 60,000ത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.