ന്യൂഡൽഹി: 2016-17 കാലയളവിൽ രാജ്യത്ത് 122 എഞ്ചിനീയറിംഗ് കോളേജുകൾ പുതിയ ബാച്ചുകളിലേക്ക് പ്രവേശനം നിർത്തിയതായി റിപ്പോർട്ട്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ(എഐസിടിഇ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയബാച്ച് പ്രവേശനം അവസാനിപ്പിച്ചെങ്കിലും ഇവ നിലവിലെ വിദ്യാർത്ഥികളുടെ പഠനം അവസാനിക്കുന്നത് വരെ എഞ്ചിനീയറിംഗ് കോളേജുകളായി പ്രവർത്തിക്കും.

ഗുജറാത്ത്, മഹാാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോളേജുകൾ പ്രവേശനം അവസാനിപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കണക്കുകൾ പ്രകാരം പൂനെ, നാഗ്പൂർ, ഓറംഗാബാദ്, ജലഗോൺ, കൊഹ്ലാപൂർ തുടങ്ങിയ സ്ഥലങ്ങളിലെ 25 കോളേജുകളാണ് മഹാരാഷ്ട്രയിൽ പുതിയ ബാച്ച് പ്രവേശനം നിർത്തിയത്.

നിലനിൽപ്പ് സാധിക്കാത്ത സാഹചര്യത്തിലാണ് എഞ്ചിനീയറിംഗ് കോളേജുകൾ പൂർണ്ണമായി അടച്ചുപൂട്ടുകയോ പോളിടെക്നിക് അല്ലെങ്കിൽ ആർട്സ് ആന്റ് സയൻസ് കോളേജാക്കി മാറ്റുന്നതും.

“മികച്ച വിദ്യാർത്ഥികളെല്ലാം തന്നെ ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റ് സർക്കാർ കോളേജുകളിലുമാണ് പ്രവേശനം നേടുന്നത്. ഈ സാഹചര്യത്തിൽ താരതമ്യേന പിന്നാക്കം നിൽക്കുന്ന വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിൽ എത്തുന്നത്. മിക്കയിടത്തും വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമേ പ്രവേശനം നേടാറുള്ളൂ” എഐസിടിഇ ഉന്നതൻ പറഞ്ഞു.

ഗുജറാത്തിൽ 15ഉം, കർണ്ണാടകയിൽ 11 ഉം, തെലങ്കാനയിൽ 7ഉം കോളേജുകൾ പ്രവേശനം നിർത്തിയിട്ടുണ്ട്. 12 കോളേജുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. പഞ്ചാബ് 6, രാജസ്ഥാൻ 11, ഹരിയാന 13 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോളേജുകളുടെ എണ്ണം. ഡൽഹിയിൽ നിന്നുള്ള ഒരു കോളേജും ഈ പട്ടികയിലുണ്ട്. കേരളത്തിൽ നിന്ന് ഒറ്റ കോളേജും കഴിഞ്ഞ അദ്ധ്യയന വർഷം പ്രവേശനം നിർത്തിയിരുന്നില്ല. എന്നാൽ വൻതോതിൽ എഞ്ചിനീയറിംഗ് കോളേജുകൾ വരും വർഷങ്ങളിൽ പ്രവേശനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ