മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ചില ഗ്രാമങ്ങളിൽ രണ്ട് ദിവസത്തിനിടെ നൂറിലേറെ പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മേയാൻ വിട്ടപ്പോഴാണ് പശുക്കളുടെ കൂട്ടമരണം സംഭവിച്ചത്. അതിനാൽ തന്നെ വിഷാംശമുളള ഭക്ഷണം കഴിച്ചിട്ടുണ്ടാകാമെന്നാണ് സംശയം.

പശുക്കൾ കഴിച്ച പുല്ലിലോ, കുടിച്ച വെളളത്തിലോ വിഷം ഉണ്ടായിരുന്നിരിക്കാമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിജയ് കുമാർ പറഞ്ഞു. റവന്യു വിഭാഗത്തിൽ നിന്നുളള ഉദ്യോഗസ്ഥർക്ക് ഒപ്പം വെറ്ററിനറി ഡോക്ടർമാരുമാണ് സംഭവം അന്വേഷിക്കുന്നത്. ഗോശാലകളിൽ നിന്ന് പുറത്ത് പുൽപ്പറമ്പിൽ മേയാൻ വിട്ടപ്പോഴാണ് സംഭവമെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും അട്ടിമറി ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

ഇക്കുറി ബജറ്റിൽ ഉത്തര്‍പ്രദേശ് സർക്കാർ ഗോസംരക്ഷണത്തിനായി മാത്രം നീക്കിവച്ചത് 613 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിൽ നീക്കിവച്ചതിന്റെ നാലിരട്ടിയിലേറെ വരും ഈ പണം. പശുക്കളെ സംരക്ഷിക്കുന്നതിനായി അത്യാധുനിക ഗോശാലകള്‍ നിര്‍മിക്കാനും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനുമാണ് തുക വിനിയോഗിക്കുക.

കഴിഞ്ഞ ബജറ്റിൽ 136 കോടി രൂപയാണ് പശുക്കളുടെ ക്ഷേമത്തിനായി യുപി സര്‍ക്കാര്‍ ബജറ്റിൽ നീക്കി വച്ചിരുന്നത്. 613 കോടി രൂപയിൽ 165 കോടി രൂപ മദ്യത്തിന് ഏര്‍പ്പെടുത്തിയ പ്രത്യേക സെസിൽ നിന്ന് കണ്ടെത്തും. ഗോശാലകളുടെ നിര്‍മാണത്തിന് ഇതുപയോഗിക്കും. 248 കോടി രൂപ ഗ്രാമങ്ങളിൽ അത്യാധുനിക ഗോശാലകള്‍ നിര്‍മിക്കാനും 200 കോടി രൂപ നഗരങ്ങളിലെ സമാനമായ പ്രവര്‍ത്തനത്തിനും ഉപയോഗിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook