ന്യൂഡൽഹി: രാജ്യത്തെ നൂറിലേറെ പാലങ്ങൾ തകർച്ചയുടെ വക്കിലാണെന്നും ഇവയ്ക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ഇന്ന് വിശദീകരിച്ചത്. രാജ്യത്തെ 1.6 ലക്ഷം പാലങ്ങൾ പഠനവിധേയമാക്കിയതിൽ നിന്നാണ് 100ലേറെ പാലങ്ങൾൾ തകർച്ചയുടെ വക്കിലാണെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“നൂറിലേറെ പാലങ്ങൾ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാം. ഇവയ്ക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണ്,” അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. കൊങ്കൺ റീജിയനിൽ മഹാരാഷ്ട്ര സംസ്ഥാനത്ത് സാവിത്രി നദിക്ക് കുറുകെ ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച പാലം തകർന്നതിനെ തുടർന്ന് രണ്ട് സംസ്ഥാന ബസുകളടക്കം നിരവധി വവാഹനങ്ങൾ അപകടത്തിൽ പെട്ടതിനെ ഉദ്ധരിച്ചായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യത്തെ പാലങ്ങളുടെയും കൽവർട്ടുകളുടെയും സ്ഥിതി വിവര കണക്ക് ഉപരി ഗതാഗത മന്ത്രാലയം ശേഖരിച്ചതായി മന്ത്രി വിശദമാക്കി. നിരവധി റോഡ് ഗതാഗത പദ്ധതികളിലുണ്ടാകുന്ന കാലതാമസം ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതിയും മൂലമാണെന്ന വിശദീകരണവും മന്ത്രി നൽകി. വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്ന 3.85 ലക്ഷം കോടി രൂപയുടെ റോഡ് നിർമ്മാണ പദ്ധതികൾ ഇപ്പോൾ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ