ബെംഗളൂരു: കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ ബിദനൂറു കോട്ടയിൽ ടിപ്പു സുൽത്താന്റെ കാലത്തെ 1000 യുദ്ധ റോക്കറ്റുകൾ കണ്ടെത്തി. കോട്ടയിൽ ഉപയോഗ ശൂന്യമായി കിടന്ന പൊട്ടക്കിണറ്റിൽ നിന്നാണ് വെടിക്കോപ്പുകൾ കണ്ടെത്തിയത്. ഏതാണ്ട് 200 വർഷം പഴക്കമുണ്ട് ഇവയ്ക്ക് എന്നാണ് കരുതപ്പെടുന്നത്.
16 വർഷങ്ങൾക്ക് മുൻപ് പുരാവസ്തു വകുപ്പ് ഇതേ പോലെ 160 റോക്കറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഏതാണ്ട് അഞ്ച് വർഷത്തോളം ഇവയുടെ കാലപ്പഴക്കം തിരിച്ചറിയാൻ പഠനം നടത്തി. പിന്നീടാണ് ഇവ ടിപ്പു സുൽത്താന്റെ കാലത്ത് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന റോക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞത്. ഐഎഎൻഎസ് ആണ് വാർത്ത പുറത്തുവിട്ടത്.
കിണറ്റിൽ നിന്നെടുത്ത മണ്ണിൽ വെടിമരുന്നിന്റെ ഗന്ധം തിരിച്ചറിഞ്ഞതോടെയായിരുന്നു ഇത്തവണ പുരാവസ്തു വകുപ്പ് ശ്രമം ഊർജ്ജിതമാക്കിയത്. റോക്കറ്റിലെ ഷെല്ലിനകത്ത് പൊട്ടാസ്യം നൈട്രേറ്റ്, കരി, മഗ്നീഷ്യം എന്നിവ ഉണ്ടായിരുന്നു. വലിയ തോക്കുകളോ, ചെറുപീരങ്കികളോ ഉപയോഗിച്ചാവാം ഇവ പ്രയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്.
പുരാവസ്തു വകുപ്പിന്റെ 15 അംഗ സംഘം മൂന്ന് ദിവസം പ്രയത്നിച്ചാണ് റോക്കറ്റുകൾ കുഴിച്ചെടുത്തത്. 12 മുതൽ 14 ഇഞ്ച് വരെ നീളമുളളതായിരുന്നു കുഴിച്ചെടുത്ത റോക്കറ്റുകൾ. ഷിമോഗ നഗരത്തിലെ പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിൽ ഇവ പ്രദർശനത്തിന് വയ്ക്കുമെന്നാണ് വിവരം.
ഇരുമ്പ് ചട്ടയോട് കൂടിയ ആയുധം ടിപ്പുവിന്റെ സാങ്കേതികതയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടിപ്പുവിന് ശേഷം മൈസൂർ ഭരിച്ച കേലാഡി, വൊഡയാർ ഭരണാധികാരികളുടെ കാലത്തും ഈ ആയുധം നിർമ്മിക്കപ്പെട്ടുവെന്നാണ് കരുതുന്നത്.
150-99 കാലത്ത് ഷിമോഗയും ഈ കോട്ടയും അടങ്ങുന്ന മലനാട് മേഖല ടിപ്പുവിന്റെ മൈസൂർ സാമ്രാജ്യത്തിന് കീഴിലായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായ യുദ്ധത്തിലാണ് ടിപ്പു ഈ വാർ റോക്കറ്റുകൾ ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്.
നാലാമത്തെ ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ 1799 ൽ ശ്രീരംഗപട്ടണത്ത് വച്ചാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത്. അതുവരെ നടന്ന മൂന്ന് യുദ്ധത്തിലും അദ്ദേഹത്തിനായിരുന്നു വിജയം. റോക്കറ്റുകൾ നിർമ്മിക്കാൻ ഫ്രഞ്ച് സാങ്കേതിക വിദ്യയാണ് ടിപ്പു ഉപയോഗിച്ചതെന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്.