scorecardresearch

ബിജെപി നേതാക്കളുടെ വിവാദ പരാമർശം; പ്രതിഷേധം അറിയിച്ച് ഗൾഫ് രാജ്യങ്ങൾ

ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ച് വരുത്തിയാണ് പ്രതിഷേധമറിയിച്ചത്

ബിജെപി നേതാക്കളുടെ വിവാദ പരാമർശം; പ്രതിഷേധം അറിയിച്ച് ഗൾഫ് രാജ്യങ്ങൾ
Photo: Twitter/@MEAIndia

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളിൽ കേന്ദ്ര സർക്കാരിനോട് പ്രതിഷേധമറിയിച്ച് ഗൾഫ് രാജ്യങ്ങൾ. ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ച് വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉയരുന്നുണ്ട്.

ഞായറാഴ്ച, വിവാദ പരമാശം നടത്തിയ ദേശീയ വക്താവ് നൂപുർ ശർമ്മയെ ബിജെപി സസ്‌പെൻഡ് ചെയ്യുകയും ഡൽഹി മീഡിയ തലവൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മത വ്യക്തിത്വത്തെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവന ഇറക്കിയിരുന്നു.

ഈ നടപടി സ്വാഗതം ചെയ്ത ഖത്തർ, സർക്കാർ ഇതിന് പരസ്യമായി ക്ഷമാപണം നടത്തുമെന്നും അപലപിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ അക്രമങ്ങൾക്കും വിദ്വേഷങ്ങൾക്കും കാരണമാകുമെന്നും ഖത്തർ ഇന്ത്യൻ അബാസഡറെ അറിയിച്ചു.

അതേസമയം, ചില വ്യക്തികൾ നടത്തിയ പരാമർശം ഇന്ത്യൻ സർക്കാരിൻറെ വീക്ഷണങ്ങളല്ലെന്നും കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞതായും ഇന്ത്യൻ അംബാസഡർ ഖത്തറിനെ അറിയിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ സമയത്താണ് വിവാദം.

കുവൈത്തും സസ്‌പെൻഷൻ നടപടികളെ സ്വാഗതം ചെയ്തു. വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

പാകിസ്ഥാനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരാമർശത്തെ അപലപിച്ചു. “മോദിയുടെ കീഴിലുള്ള ഇന്ത്യ മതസ്വാതന്ത്ര്യങ്ങളെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്… ലോകം ഇത് ശ്രദ്ധിക്കുകയും ഇന്ത്യയെ ശാസിക്കുകയും വേണം,” അദ്ദേഹം ട്വീറ്റ് ചെയ്തു.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ, ബിജെപിയുടെ വ്യക്തത വരുത്താനുള്ള ശ്രമവും പരാമർശം നടത്തിയ വ്യക്തികൾക്കെതിരായ വൈകിയതും കൃത്യമല്ലാത്തതുമായ അച്ചടക്ക നടപടികളും അവർ മുസ്ലീം ലോകത്തിന് ഉണ്ടാക്കിയ വേദന ശമിപ്പിക്കില്ലെന്നും പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) വക്താക്കളായ നൂപുർ ശർമ്മയെയും നവീൻ ജിന്‍ദലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

“നിങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കാനിരിക്കെ നിങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു,” ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് നൂപുർ ശർമയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

ഗ്യാന്‍വാപി വിഷയത്തെക്കുറിച്ചുള്ള ഒരു വാർത്താ സംവാദത്തിലാണ് ശർമ പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. അതേസമയം, തെറ്റായ കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശര്‍മയുടെ വാദം. വിവാദം പൊട്ടിപ്പുറപ്പെട്ടതിനുശേഷം തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടായെന്നും അവര്‍ ആരോപിച്ചു.

Also Read: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം: നുപുര്‍ ശര്‍മയേയും നവീന്‍ ജിന്‍ദലിനേയും സസ്പെന്‍ഡ് ചെയ്ത് ബിജെപി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Outrage in gulf over bjp leaders hate remarks party acts against them