ലക്‌നൗ: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവില്‍ രണ്ട് കശ്മീരികളെ വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ വഴിയോരക്കച്ചവടം നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായ കശ്മീര്‍ സ്വദേശികള്‍.

അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദലിഗഞ്ചിലാണ് സംഭവം നടന്നത്. കശ്മീരികളായതുകൊണ്ടാണ് ഉപദ്രവിക്കുന്നത് എന്ന് അക്രമികളില്‍ ഒരാള്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം.

അക്രമികളില്‍ ഒരാള്‍ വടി ഉപയോഗിച്ചാണ് അടിക്കുന്നത്. ദൃശ്യങ്ങളില്‍ ഒന്നില്‍ ഒരു കശ്മീരി തന്റെ തലയില്‍ കൈവച്ച് അടിക്കരുത് എന്ന് അപേക്ഷിക്കുന്നതായും കാണാം. നിരവധി ആളുകള്‍ ചുറ്റും കൂടി നിന്ന് അവരെ ഇനി ഉപദ്രവിക്കരുത് എന്ന് പറഞ്ഞെങ്കിലും വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ നിര്‍ത്താതെ അടിക്കുകയായിരുന്നു. ‘നിങ്ങള്‍ നിയമം കൈയ്യിലെടുക്കരുത്. പൊലീസിനെ വിളിക്കൂ,’ പ്രദേശവാസികളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം.

സംഭവത്തിലെ മുഖ്യപ്രതി വിശ്വഹിന്ദു ദള്‍ ഗ്രൂപ്പിന്റെ പ്രസിഡന്റാണെന്നാണ് അവകാശപ്പെടുന്നത്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളാണ് ഫെയ്‌സ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വ്യാപകമായ ആക്രമണം നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook