ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ കാണാനുള്ള അപേക്ഷ നിരസിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സുപ്രീംകോടതി ചീഫ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ രഞ്ജന്‍ ഗൊഗോയുമായി മുഖാമുഖത്തിന് അപേക്ഷിച്ചത്. ജഡ്ജിമാര്‍ തങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ അതിന്റെ സ്വകാര്യത കാക്കേണ്ടതുണ്ടെന്നും അത് മാധ്യമങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

”ഇതിനര്‍ത്ഥം ജഡ്ജിമാര്‍ സംസാരിക്കില്ല എന്നല്ല. അവര്‍ സംസാരിക്കും. പക്ഷെ അത് ആ സ്ഥാനം ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും. കയ്പുള്ള സത്യങ്ങള്‍ ഓര്‍മയില്‍ തന്നെ തുടരണം. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍, ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍, മാധ്യമങ്ങളെ സമീപിക്കുകയെന്ന ആശയം ഒരിക്കലും എന്റെ സ്ഥാപനത്തിന്റെ താല്‍പ്പര്യമായിരുന്നില്ല,” എന്ന ഗൊഗോയ് പ്രസ്താവനയിലൂടെ അറിയിച്ചു.

ജനങ്ങളുടെ വിശ്വാസത്തിന്റെ കരുത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും ആ വിശ്വാസം മാധ്യമങ്ങളിലൂടെയല്ല ജഡ്ജി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെയാണെന്നും ഗൊഗോയ് പറഞ്ഞു. ജഡ്ജിമാര്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ ബന്ധപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 17 നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു ഗൊഗോയ് പടിയിറങ്ങുന്നത്. ശരദ് അരവിന്ദ് ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook