ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്. സാമ്പത്തികമായി വളരെ ശക്തരായ ബിജെപിയുമായി മത്സരിച്ച് 2019 ലെ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സാരം.

കഴിഞ്ഞ അഞ്ച് മാസമായി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ ചെലവിന് ആവശ്യമായ പണം പോലും നേതാക്കള്‍ അയച്ച് കൊടുക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. വ്യവസായികളില്‍ നിന്ന് പാര്‍ട്ടിയിലേക്കുള്ള പണത്തിന്‍റെ ഒഴുക്ക് കുറഞ്ഞതിനാലാണ് രാഹുല്‍ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള പാര്‍ട്ടി ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത്. തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ക്ക് കേട്ടിവെക്കാനായി ജനങ്ങളില്‍ നിന്നും പണം പിരിയ്ക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹിയിലെ  പുതിയ ബിജെപി ആസ്ഥാനം(ചിത്രം: അനിന്ദിത മുഖർജി)

കോണ്‍ഗ്രസിന്‍റെ പക്കല്‍ പണമില്ല എന്നാണ് പാര്‍ട്ടിയുടെ സമൂഹ്യ മാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന പറഞ്ഞത്. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൈസ സംഭാവന ചെയ്യുന്ന പുതിയ രീതിയ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി പോലും കോണ്‍ഗ്രസിന് പണം ലഭിക്കുന്നില്ല. അതിനാല്‍ തന്നെ ഓണ്‍ലൈനില്‍ കൂടി പാര്‍ട്ടിക്ക് കൂടുതല്‍ പണം സമ്പാദിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സ്പന്ദന കൂട്ടിച്ചേര്‍ത്തു.

2013ല്‍ 15 സംസ്ഥാനങ്ങള്‍ ഭരിച്ച് കൊണ്ടിരുന്ന കോണ്‍ഗ്രസ്സിന്‍റെ പക്കലിപ്പോലുള്ളത് വെറും രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ്. ബിജെപി ഭരിക്കുന്നതാണെങ്കില്‍ 20 സംസ്ഥാനങ്ങളിലും. അതിനാല്‍ത്തന്നെ അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയേക്കാള്‍ കൂടുതല്‍ ജനശ്രദ്ധ നേടുന്ന നേതാവ് മോദി തന്നെയായിരിക്കും.

ഡല്‍ഹിയില്‍ പണി നടക്കുന്ന കോണ്‍ഗ്രസ് ആസ്ഥാനം (ചിത്രം: അനിന്ദിത മുഖർജി)

ഉന്നത ബിസിനസ്‌ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാധിനിധ്യം നഷ്ടപെട്ടു എന്നാണ് ദക്ഷിണ ഏഷ്യയിലെ രാഷ്ട്രീയ നിരീക്ഷകനായ മിലന്‍ വൈഷ്ണവ് പറയുന്നത്.
“2019 ലെ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ ശക്തി എന്ന് പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിരതയാണ്. പക്ഷേ അക്കാര്യത്തില്‍ കോണ്‍ഗ്രസ്സും മറ്റ് പ്രാദേശിക പാര്‍ട്ടികളും വളരെ പുറകിലാണ്,” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശം കോണ്‍ഗ്രസ് വക്താവായ രൺദീപ് സിംഗ് സുർജേവാല നിരസിച്ചു.

ചെലവിടുന്ന പണം

2017 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ നാലിലൊന്ന് ഫണ്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 81 ശതമാനം വരുമാനം കൂടിയ ബിജെപിയുടെ വാര്‍ഷിക വരുമാനം 152 ദശലക്ഷം രൂപയായിരുന്നു. അതേസമയം വാര്‍ഷിക വരുമാനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 14 ശതമാനം കുറവാണ് കോണ്‍ഗ്രസിനുണ്ടായത്. വെറും 2.25 ദശലക്ഷം രൂപ മാത്രമാണ് കോണ്‍ഗ്രസിന്റെ വരുമാനം.

മേഘാലയിലെയും, ത്രിപുരയിലെയും, നാഗലാന്‍ഡിലെയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് ഒരു പ്രധാന കാരണമായി പറയുന്നതും ഇത് തന്നെയാണ്. വിമാനത്തിന് ടിക്കറ്റ് എടുക്കാന്‍ പൈസ ഇല്ലാഞ്ഞത് കാരണം നേതാക്കള്‍ക്ക് വിമാന യാത്ര നടത്താന്‍ പോലുമാകാത്ത ദയനീയ സാഹചര്യത്തിലേക്കാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.

എഡിആറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016 വരെയുള്ള നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ബിജെപിയ്ക്ക് 2,987 കോര്‍പറേറ്റുകളില്‍ നിന്നായ് 7.05 ദശലക്ഷം രൂപ ധനസഹായം ലഭിച്ചപ്പോള്‍, 167 വ്യവസായ സ്ഥാപനങ്ങളില്‍ നിന്നായി വെറും 1.98 ദശലക്ഷം രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസ്സിന്‍റെ ഇരട്ടി തുകയാണ് ബിജെപി തിരഞ്ഞെടുപ്പുകളില്‍ ചെലവഴിച്ചിരിക്കുന്നതും. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി 5.88 ദശലക്ഷം രൂപ ചെലവഴിച്ചപ്പോള്‍, കോണ്‍ഗ്രസ്സിന്‍റെ ചെലവ് 3.50 ദശലക്ഷം രൂപയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍.

തിരഞ്ഞെടുപ്പ് ക്യാമ്പൈന് മതിയായ തുകയില്ലാത്ത സ്ഥിതിക്ക് 2019ലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാകും. തങ്ങളുടെ പുതിയ ആസ്ഥാനത്തേക്ക് ബിജെപി മാറിയപ്പോള്‍, കോണ്‍ഗ്രസ് ആസ്ഥാനത്തിന്‍റെ പണി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ്സിന് ശക്തി ക്ഷയിച്ച് വരുന്നതായാണ് കാണുന്നത്. ജനാധിപത്യത്തിന്‌ മുകളില്‍ പണാധിപത്യം മേല്‍ക്കൈ നേടി നില്‍ക്കുന്ന നിലവിലെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് നേരിടേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളെയായിരിക്കും.

Read More: കാലിയായ ഖജനാവും കാവൽ പ്രസിഡന്റും, കെപിസിസിയും കോൺഗ്രസുകാരും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ