ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണമാണ് മസൂദ് അസറിന്റെ വിലക്കില്‍ നിര്‍ണായകമായെന്നതും മന്ത്രാലയം അറിയിച്ചു.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള എതിര്‍പ്പ് ചൈന പിന്‍വലിച്ചതോടെയാണ് യുഎന്‍ നടപടിയുമായി മുന്നോട്ട് പോയത്. ഇതിന് പിന്നാലെ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി പറഞ്ഞത്.

Read More: ഒടുവിൽ ചൈനയ്ക്ക് മനംമാറ്റം; മസൂദ് അസറിനെ യു എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

”മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു നമ്മുടെ ലക്ഷ്യം”. രവീഷ് കുമാര്‍ പറഞ്ഞു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

”പ്രഖ്യാപനം ഒരു പ്രത്യേക സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. യുഎന്നിന് മുന്നില്‍ നമ്മള്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അസറിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തെളിവാണ് നാം നല്‍കിയത്” രവീഷ് കുമാര്‍ പറഞ്ഞു.

Chat conversation end
Type a message…
അതേസമയം അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു കൊണ്ടുള്ള യുഎന്‍ അറിയിപ്പില്‍ പുല്‍വാമ ആക്രമണത്തെ കുറിച്ച് പറയുന്നില്ലെന്ന റിപ്പോര്‍ട്ടുകളോടും രവീഷ് കുമാര്‍ പ്രതികരിച്ചു. ”പാക്കിസ്ഥാന്‍ നേരിട്ട നയതന്ത്ര തിരിച്ചടിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവര്‍ക്ക് തീരുമാനത്തെ സ്വീകരിക്കാനോ വിമര്‍ശിക്കാനോ സാധിക്കില്ല. അതുകൊണ്ട് അവര്‍ക്ക് മുന്നിലുള്ള വഴി ഇതാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: ആരാണ് മസൂദ് അസ്ഹർ? എങ്ങനെയാണ് ചൈനയുടെ എതിര്‍പ്പ് വഴി മാറുന്നത്?

ചൈനയുടെ മനംമാറ്റത്തിനായി ഇന്ത്യ എന്തെങ്കിലും തരത്തിലുള്ള ഓഫര്‍ നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രാജ്യസുരക്ഷയില്‍ യാതൊരു സന്ധിയ്ക്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഈ നീക്കം നല്ല മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ മൂന്ന് കാര്യങ്ങള്‍ പാക്കിസ്ഥാന്‍ ചെയ്യേണ്ടി വരും. അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ധനാഗമന മാര്‍ഗ്ഗം തടയുക, യാത്രാവിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വാങ്ങാനും വില്‍ക്കാനും വിതരണം ചെയ്യുന്നതും വിലക്കുക എന്നിവയാണതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

യുഎന്‍ ആണ് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നത് ചൈന മാത്രമാണ്. എന്നാല്‍, ഇത്തവണ ചൈന എതിര്‍പ്പ് പിന്‍വലിക്കുകയായിരുന്നു. പുല്‍വാമയിലെ ഭീകരാക്രണത്തിന് പിന്നാലെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്. യു.എന്‍.എസ്.സി 1267 സാങ്ഷന്‍ ലിസ്റ്റിലാണ് ആഗോള ഭീകരനായി മസൂദ് അസറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദിനെതിരെ നിലപാട് കടുപ്പിച്ചെങ്കിലും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. എന്നാല്‍, യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook