മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്തിന് തീരാനഷ്ടമാണ് ശ്രീദേവിയുടെ വിയോഗം. ആരാധകരുടേയും ബന്ധുക്കളുടേയും സ്നേഹിതരുടേയും ആദരവും സ്നേഹവും ഏറ്റുവാങ്ങി ബുധനാഴ്ച ശ്രീദേവി യാത്രയായി. ശവസംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തുകയും ചെയ്തു. വളരെ വേഗം നമ്മെ വിട്ടുപിരിഞ്ഞുപോയ സുന്ദരമായൊരു ആത്മാവിനെയാണ് ഞങ്ങള്‍ ഇന്ന് യാത്രയയക്കുന്നതെന്ന് കപൂര്‍ കുടുംബം വ്യക്തമാക്കി.

‘ഖുഷിക്കും ജാന്‍വിക്കും അവരുടെ അമ്മയെകുറിച്ചുള്ളത് ഈ സ്നേഹത്തിന്‍റെ ഓര്‍മകള്‍ ആവട്ടെ. എല്ലാവരും സംശയമില്ലാതെ സ്നേഹിച്ച ഒരു സ്ത്രീ. ശ്രീയെ ഇഷ്ടപ്പെട്ട ഓരോരുത്തര്‍ക്കും അവര്‍ ജീവിതമായ് കരുതിയ തന്‍റെ കുട്ടികളെയും സ്നേഹിക്കാം. ശ്രീക്ക് നമ്മള്‍ നല്‍കിയ സ്നേഹം അവര്‍ക്കും നല്‍കാം. അതവരുടെ വേദനയെ കുറച്ചേക്കും’, കുടുംബം വ്യക്തമാക്കി.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും ആരാധകര്‍ക്കും സ്നേഹിതര്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തി. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശ്രീദേവി തങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നെന്ന് ബോണി വൈകാരികമായി വിശദീകരിച്ചു. സുഹൃത്ത്, ഭാര്യ, മാതാവ്, രണ്ട് കുട്ടികളുടെ മാതാവും ആയ ഒരാളെ നഷ്ടമാകുന്നത് വ്യാഖ്യാനിക്കാനാത്ത നഷ്ടമാണെന്ന് ബോണി കുറിച്ചു.

‘പിന്തുണയോടെ കൂടെ നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും എന്റെ ശ്രീദേവിയുടെ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു. ജാന്‍വിക്കും ഖുഷിക്കും എനിക്കും പിന്നില്‍ ശക്തി പകര്‍ന്ന് നിന്ന അര്‍ജുന്‍, അന്‍ഷുല എന്നിവരുടെ പിന്തുണയില്‍ ഞാന്‍ അനുഗ്രഹീതനായത് പോലെ തോന്നുന്നു. ഒരു കുടുംബത്തെ പോലെ ഒരുമിച്ച് നിന്നാണ് ഞങ്ങള്‍ ഈ നഷ്ടം അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്’, ബോണി വ്യക്തമാക്കി.

‘എല്ലാവര്‍ക്കും ശ്രീദേവി നല്ലൊരു അഭിനേത്രി ആയിരുന്നു. എന്നാല്‍ എനിക്ക് അവള്‍ പ്രണയിനിയായിരുന്നു, അമ്മയായിരുന്നു, എന്റെ മക്കളുടെ അമ്മയായിരുന്നു, എന്റെ ഭാര്യയായിരുന്നു. ഞങ്ങളുടെ മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ അച്ചുതണ്ട് തന്നെ അവളായിരുന്നു’, ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു.

‘ശ്രീദേവി ഇല്ലാതെ മുന്നോട്ട് പോകുക എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു. അവളായിരുന്നു ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ ശക്തി അവളായിരുന്നു. ഞങ്ങളുടെ പുഞ്ചിരിയുടെ കാരണക്കാരി അവളായിരുന്നു. ഇനിയുളള ജീവിതം ഒരിക്കലും മുമ്പത്തേത് പോലെയായിരിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു’, ബോണി കപൂര്‍ കുറിച്ചു. ആരാധകരും മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ