/indian-express-malayalam/media/media_files/uploads/2019/06/nipah-6-1.jpg)
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്ന പരിശോധനയ്ക്ക് വിദഗ്ധ സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കുന്നു
കൊച്ചി: നിപ വൈറസ് പരത്താന്‍ സാധ്യതയുള്ള കൂടുതല്‍ ഇനം വവ്വാലുകള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് പഠനം. 'ഇന്ത്യന്‍ ഫ്‌ളയിങ് ഫോക്‌സ്' എന്ന പഴംതീനി വവ്വാലാണ് നിപ വെെറസ് വാഹകർ എന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്. എന്നാല്‍, പുതിയ പഠനങ്ങള്‍ അനുസരിച്ച് പത്ത് ഇനം വവ്വാലുകള്‍ക്ക് കൂടി വൈറസ് പരത്താന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇന്ത്യയിലെയും യുഎസിലെയും ശാസ്ത്രജ്ഞൻമാർ നടത്തിയ മെഷീൻ ലേണിങ് ഉപയോഗിച്ചുള്ള പഠനത്തിലാണ് ഇത് വ്യക്തമായത്. 'പ്ലോസ് നെഗ്‌ളക്ടഡ് ട്രോപ്പിക്കല്‍ ഡിസീസസ്' എന്ന ജേർണലിലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Also: നിപ്പ വൈറസിനെ കൊണ്ടു വന്നത് പഴംതീനി വവ്വാല്‍ തന്നെ; 12 സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം
'മൊന്റാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി'യിലെ റെയ്‌ന പ്ലോറൈറ്റിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഈ പഠനം നടത്തിയത്. മരണത്തിന് വരെ കാരണമാകുന്ന നിപ വൈറസ് എങ്ങനെയാണ് വവ്വാലുകളില്‍ നിന്ന് പടരുന്നത് എന്ന പഠനമാണ് ഇവര്‍ ചേര്‍ന്ന് നടത്തിയത്. വ്യത്യസ്ത ഇനം വവ്വാലുകളില്‍ നിന്നാണ് പഠനം നടത്തിയത്. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ പി.ഒ നമീറും ഈ പഠനങ്ങളുടെ ഭാഗമായിരുന്നു. ഇന്ത്യൻ ഫ്ളയിങ് ഫോക്സിന് പുറമേ വേറെ 10 സ്പീഷ്യസുകളിൽ പെടുന്ന വവ്വാലുകളും നിപ വെെറസ് വാഹകരാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
വവ്വാലുകളിലെ 48 ഓളം സവിശേഷതകള്‍ പരിഗണിച്ചാണ് പഠനം നടത്തിയത്. വവ്വാലുകളുടെ ഭക്ഷണ രീതി, സഞ്ചാരം, വാസം തുടങ്ങിയ സവിശേഷതകളാണ് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പഠനത്തിന് ഉപയോഗിച്ചത്. ഇന്ത്യയില്‍ 112 ഓളം വവ്വാല്‍ ഇനങ്ങളാണ് ഉള്ളത്. 31 ഇനങ്ങളിൽ പഠനം നടത്തിയപ്പോൾ അതിൽ 11 ഇനം വവ്വാലുകളാണ് നിപ വാഹകരാകാം എന്ന് കണ്ടെത്തിയത്.
2018 ൽ കേരളത്തില്‍ 17 പേരാണ് നിപ ബാധിച്ച് മരിച്ചത്. നിപ പരത്താന്‍ സാധ്യതയുള്ള വവ്വാല്‍ ഇനങ്ങളെ ആദ്യം കണ്ടെത്തുകയാണ് പ്രതിരോധത്തിനുള്ള സുപ്രധാന മാര്‍ഗം എന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നു.
ഇന്ത്യയില്‍ നിന്ന് നേരിട്ട് സാമ്പിളുകള്‍ ശേഖരിച്ചല്ല പഠനം നടത്തിയതെന്ന് നമീര്‍ പറയുന്നു. ഇവിടെ കാണുന്ന വവ്വാലുകളുടെ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ പഠനം നടന്നിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് പിടിച്ച വവ്വാലുകളെ ഉപയോഗപ്പെടുത്തി പഠനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us