ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ രക്ഷിക്കാന്‍ സാഹസിക യാത്ര നടത്തി ഇന്ത്യക്കാരനായ യുവാവ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും പാകിസ്താന്‍ അതിര്‍ത്തി വരെ പോയി അതിര്‍ത്തി കടക്കാനാകാതെ തിരിച്ചെത്തുകയായിരുന്നു 20 വയസ്സുകാരന്‍ സീഷന്‍ സിദ്ധിഖി. അതിര്‍ത്തിയില്‍ ബി എസ് എഫുകാര്‍ പിടികൂടി തിരിച്ച് അയച്ച സിദ്ധിഖിക്ക് പൊട്ടിയ പല്ലും മുറിവേറ്റ മനസ്സുമാണ് ഈ യാത്രയിലെ സമ്പാദ്യം.

ലോക്ക്ഡൗണ്‍ കാലത്ത് ആദ്യമൊരു സൈക്കിളിലും പിന്നീടൊരു ബൈക്കിലുമായിരുന്നു യാത്ര. ഒസ്മാനാബാദില്‍ നിന്നും ഗുജറാത്തിലെ കച്ച് വരെയെത്തിയെ സിദ്ധിഖിയെ അതിര്‍ത്തിയുടെ 1.5 കിലോമീറ്റര്‍ അകലെ വച്ച് സൈന്യം പിടികൂടി കച്ച് പൊലീസിന് കൈമാറി. പൊലീസും മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്തശേഷം നാട്ടിലേക്ക് തിരിച്ച് അയച്ചു. ജൂലൈ 16-നാണ് സിദ്ധിഖിയെ സൈന്യം പിടികൂടിയത്.

20 വയസ്സുകാരിയായ പാക് യുവതിയെ ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പിലെ ചര്‍ച്ചകള്‍ക്കിടയിലാണ് സിദ്ധിഖി പരിചയപ്പെട്ടത്. ഇന്ത്യന്‍ സീരിയലുകളോടുള്ള കമ്പമാണ് ഇരുവരേയും അടുപ്പിച്ചത്.

2015-ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലാകുകയും ഫോണ്‍ നമ്പരുകള്‍ കൈമാറി വീഡിയോ കോളുകള്‍ നടത്തുകയും ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്ന് പാക് യുവതി ആവശ്യപ്പെട്ടിരുന്നുവെന്നും സിദ്ധിഖിയെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും യുവാവ് പറയുന്നു.

Read Also: സ്‌പോണ്‍സറില്ല, നയാപൈസയുമില്ല, നട്ടംതിരിഞ്ഞ് ഈസ്റ്റ് ബംഗാള്‍

എന്നാല്‍ വിവാഹ പ്രായം ആകാത്തതിനാല്‍ താന്‍ വീട്ടുകാരോട് പാക് പ്രണയത്തെ കുറിച്ച് പറഞ്ഞില്ലെന്ന് സിദ്ധിഖി പറയുന്നു. ഒടുവില്‍ തന്നെ വേറെ വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് പ്രണയിനിയെ രക്ഷിക്കാനാണ് സിദ്ധിഖി കറാച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്.

1500 രൂപ കൊടുത്ത് സൈക്കിള്‍ വാങ്ങിയശേഷം യാത്ര പോകാന്‍ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് മാസത്തില്‍ യാത്രയ്ക്ക് പോകാമെന്ന് വിചാരിച്ചെങ്കിലും ലോക്ക്ഡൗണ്‍ സിദ്ധിഖിയുടെ പ്രണയത്തിന് ലോക്കിട്ടു. പിന്നീട് രണ്ടും കല്‍പിച്ചാണ് ജൂലൈയില്‍ യാത്ര പുറപ്പെട്ടത്.

സൈക്കിള്‍ യാത്ര കൊണ്ട് അടുത്തെങ്ങും കറാച്ചിയില്‍ എത്തുകയില്ലെന്ന് മനസ്സിലാക്കിയ സിദ്ധിഖി 3000 രൂപ കൊടുത്ത് സെക്കന്റ് ഹാന്‍ഡ് ബൈക്ക് വാങ്ങി യാത്ര തുടങ്ങി. പക്ഷേ, ബൈക്ക് മോശം അവസ്ഥയിലായിരുന്നു. യാത്രയ്ക്കിടയില്‍ ബൈക്കില്‍ നിന്നും വീഴുകയും പല്ല് പൊട്ടുകയും ശരീരത്തില്‍ അനവധി പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു.

നിയമപരമായ യാത്രയ്ക്കായിരുന്നു സിദ്ധിഖിക്ക് താല്‍പര്യം പക്ഷേ, പാസ്‌പോര്‍ട്ട് ഇല്ലാത്തതും ലോക്ക്ഡൗണ്‍ അവസാനിക്കാത്തതുമാണ് ഇങ്ങനെയൊരു യാത്രയ്ക്ക് സിദ്ധിഖി സാഹസപ്പെട്ടത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ പാസ് പോര്‍ട്ട് കിട്ടാനും വഴിയുണ്ടായില്ല.

കറാച്ചിയിലെത്തി ഏതാനും മാസങ്ങള്‍ അവിടെ ജോലി ചെയ്തശേഷം യുവതിയുടെ രക്ഷിതാക്കളോട് പെണ്ണ് ചോദിച്ച് പോകാന്‍ ആയിരുന്നു പദ്ധതി. ഈ യാത്ര മുഴുവന്‍ ആ യുവതി അറിയുന്നുണ്ടായിരുന്നു. എന്നാല്‍, താന്‍ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ അവര്‍ അതിനെ എതിര്‍ത്തുവെന്ന് സിദ്ധിഖി പറയുന്നു.

യാത്രയില്‍ ധാബകളില്‍ നിന്ന് ആഹാരം കഴിക്കുകയും രാത്രികളില്‍ പാതയോരത്തും ബസ് സ്റ്റോപ്പുകളിലും ഉറങ്ങുകയും ചെയ്തു. നാല് ദിവസം കൊണ്ടാണ് കച്ചില്‍ എത്തിയത്. 10 മണിക്കൂറോളം മരുഭൂമിയിലൂടെ യാത്ര ചെയ്ത സിദ്ധിഖിയെ ബിഎസ്എഫ് ജവന്‍മാര്‍ തടയുകയായിരുന്നു. കച്ച് പൊലീസ് സിദ്ധിഖിക്ക് എതിരെ ലോക്ക്ഡൗണ്‍ ലംഘനത്തിനും നിരോധിത മേഖലയില്‍ നിയമവിരുദ്ധമായി പ്രവേശിച്ചതിനും കേസുകള്‍ എടുത്തു.

രണ്ടര ദിവസം ജയിലിലും അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിലും സിദ്ധിഖി കഴിഞ്ഞു. പിന്നീട് അധികൃതര്‍ വീട്ടുകാര്‍ക്ക് സിദ്ധിഖിയെ കൈമാറി.

Read in English: Osmanbad man’s journey towards Pakistan for love

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook