ഒഷിവാര: മുംബൈയിലെ ഫ്‌ളാറ്റില്‍ അസ്ഥികൂടമായ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മുമ്പ് ആഷ സഹാനി എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നു പറയുന്നു. തൊട്ടടുത്തുള്ള ബെഡില്‍ നിന്നും 50000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

ഇവരുടെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കത്തകതായ ഒരു ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് ഡിസിപി പരംജിത് സിംഗ് ദാഹിയ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇതുവരെ മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മകൻ റിതുരാജ് ആഷാ സഹാനിയുടെ ആദ്യ വിവാഹത്തിലെ മകനായിരുന്നുവെന്നും, ഇവർ രണ്ടാമതു വിവാഹം ചെയ്ത ഭർത്താവിനൊപ്പമായിരുന്നു താമസമെന്നും പോലീസ് അറിയിച്ചു. എന്നാൽ 2013ല്‍ തന്റെ രണ്ടാമത്തെ ഭര്‍ത്താവിന്റെ മരണ ശേഷം ആഷാ സഹാനി അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ഫ്‌ളാറ്റിലെ മറ്റുള്ളവരില്‍ നിന്നും എപ്പോഴും അകലം കാത്തുസൂക്ഷിച്ചിരുന്നുവെന്നും ഒഷിവാരാ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം സഹാനിയെ മകന്‍ അമേരിക്കയിലേക്ക് കൊണ്ടു പോയിരുന്നുവെങ്കിലും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോരുകയും ഇനി അമേരിക്കയിലേക്കില്ലെന്നു പറയുകയും ചെയ്തിരുന്നു.

Read More: അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന്‍ കണ്ടത് അസ്ഥികൂടം

തന്റെ ഫ്‌ളാറ്റില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ മോഷ്ടിക്കും എന്ന് എപ്പോളും സംശയമായിരുന്നു. ഇതിനാല്‍ ഇവരുടെ വീട്ടില്‍ ജോലിക്കു വരാനും ആളുകള്‍ മടിച്ചിരുന്നതായി അടുത്ത ഫ്‌ളാറ്റിലെ താമസക്കാരി മധു കേഡിയ പോലീസിനോട് പറഞ്ഞു. സഹാനിയെ കുറേ നാളുകളായി പുറത്തു കാണാതിരുന്നതിനെക്കുറിച്ച് ഫ്‌ളാറ്റിന്റെ മാനേജിംഗ് കമ്മിറ്റിയിലുള്ളവര്‍ക്ക് അത്ഭുതമുണ്ടായിരുന്നെങ്കിലും അകലം പാലിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് ആഷാ സഹാനിയുടെ അസ്ഥികൂടം ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നെത്തിയ മകന്‍ റിതുരാജാണ് ആദ്യം കണ്ടത്. പല തവണ കതകില്‍ തട്ടിയെങ്കിലും തുറക്കാത്തതിനാല്‍ ആശാരിയെ കൊണ്ടുവന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച റിതു കണ്ടത്. അമ്മയ്ക്കു പകരം അമ്മയുടെ അസ്ഥികൂടം.

അമ്മയും മകനും അവസാനമായി സംസാരിച്ചത് 2016 ഏപ്രിലില്‍ ആണെന്നും, അന്ന് തനിക്ക് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നെന്നും തന്നെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നും ആശാ സഹാനി റിതുരാജിനോട് പറഞ്ഞിരുന്നു. എന്നാല്‍ അവസാനമായി സംസാരിച്ചതിനു ശേഷം പിന്നീട് അമ്മയെ ഫോണില്‍ കിട്ടാതായപ്പോള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് റിതുരാജ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഫ്‌ളാറ്റിലെത്തിയപ്പോള്‍, സഹാനി വൃദ്ധസദനത്തിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നതായി ഫ്‌ളാറ്റിന്റെ കാവല്‍ക്കാരന്‍ പോലീസിനോട് പറഞ്ഞു. ഇക്കാര്യം റിതുരാജിനെ അറിയിച്ചെങ്കിലും താന്‍ ഉടനെ നാട്ടിലേക്കു വരുന്നുണ്ടെന്നാണ് അയാള്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

പിന്നീട് 2016 ഡിസംബറില്‍ റിതുരാജ് ഇന്ത്യയില്‍ എത്തിയിരുന്നെങ്കിലും അമ്മയെ കാണാതെ തിരിച്ചു പോകുകയായിരുന്നു. തന്റെ വിവാഹമോചന കേസുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലായതിനാലും പ്രായപൂർത്തിയാകാത്ത മകൻ അമേരിക്കയിലെ വീട്ടിൽ തനിച്ചായതിനാലും പിന്നീട് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ലെന്നാണ് റിതുരാജ് പറയുന്നത്.

താന്‍ വൃദ്ധസദനത്തിലേക്ക് മാറാന്‍ പോകുകയാണെന്ന് അടുത്തുള്ള ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരോട് സഹാ നേരത്തേ പറഞ്ഞിരുന്നു. കുറേ മാസങ്ങളായി ഫ്‌ളാറ്റിന്റെ മെയിന്റെനന്‍സ് തുക നല്‍കുന്നത് നിര്‍ത്തിയിരുന്നെങ്കിലും അവര്‍ക്കൊപ്പം മറ്റു കുടുംബാംഗങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അടുത്തുള്ള ഫ്‌ളാറ്റുകളില്‍ താമസിച്ചിരുന്നവര്‍ ബലം പ്രയോഗിച്ച് അകത്തു കടക്കാന്‍ ശ്രമിച്ചില്ല. മൂന്നുമാസത്തോളമായി വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ സഹാനിയുടെ ഫ്‌ളാറ്റിലെ വൈദ്യുത ബന്ധവും വിച്ഛേദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ