ലോസ് ആഞ്ചലസ്: കുടിയേറ്റക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനു നേരെ വിരല്‍ ചൂണ്ടി ഓസ്‌കര്‍ പുരസ്‌കാര വേദി.
അവതാരകനായ ജിമ്മി കിമ്മലിന്റെ പരിഹാസത്തോടെയാണ് ഓസ്കര്‍ നിശയില്‍ ട്രംപിനെതിരെ പരിഹാസത്തിന് തുടക്കമിട്ടത്. ട്രംപിന്റെ മാധ്യമങ്ങളോടുള്ള നിലപാടിനെ പരിഹസിക്കുന്നതായിരുന്നു പരാമര്‍ശം.
സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധകളുണ്ടെങ്കില്‍ പുറത്തു പോകണം. കാരണം കള്ളത്തരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ള വാര്‍ത്ത അനുവദിക്കില്ല-എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചടങ്ങ് തുടങ്ങി രണ്ട മണിക്കൂറ് കഴിഞ്ഞിട്ടും ട്രംപ് ട്വീറ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ എന്ന് പരിഹസിച്ച് ജിമ്മി കിമ്മല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
താനും ഒരു കുടിയേറ്റക്കാരനാണ് എന്നു പറഞ്ഞു കൊണ്ടാണ് അലക്‌സാന്‍ണ്ട്രോ ചമയം, കേശ അലങ്കാരം എന്നിവക്കുള്ള തന്റെ പുരസ്‌കാരം ഏറ്റു വാങ്ങിയത്. ഇറ്റാലിയന്‍ കുടിയേറ്റക്കാരനാണെന്നായിരുന്നു അലക്‌സാന്‍ണ്ട്രോയുടെ വിശദീകരണം. പുരസ്കാരം കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മെക്‌സിക്കന്‍ നടനായ ഗെയ്ല്‍ ഗ്രഷ് വെര്‍നലും ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചു.
വേര്‍തിരിക്കുന്ന മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ നടന്‍മാര്‍ കുടിയേറ്റ തൊഴിലാളികളാണ്. അവര്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. കുടുംബങ്ങളെ ഉണ്ടാക്കുന്നു. കഥകള്‍ നിര്‍മിക്കുന്നു, ജീവിതം കെട്ടപ്പടുക്കുന്നു. ഞങ്ങള്‍ വിഭജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് അസ്ഗർ ഫർഹാദിയുടെ ദ സെയിൽസ്‌മാനാണ്. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയാവസ്ഥയിൽ ഒരു ഇറാൻ ചിത്രം ഓസ്കർ നേടുന്നതിന് പ്രത്യേകതകളുണ്ട്.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തെ തുടർന്ന് പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സംവിധായകനായ അസ്ഗർ ഫർഹാദി എത്തിയില്ല. പകരം അദ്ദേഹം എഴുതി നൽകിയ കുറിപ്പ് വേദിയിൽ വായിക്കുകയാണുണ്ടായത്. യുഎസ് പ്രസിഡന്റിന്റെ മനുഷ്വത്വരഹിതമായ നടപടിക്കെതിരെയുളള പ്രതിഷേധമാണ് ഈ ചടങ്ങ് ബഹിഷ്കരണത്തിന് കാരണമെന്ന് അസ്ഗർ ഫർഹദിയുടെ കുറിപ്പിൽ പറയുന്നു.
രണ്ടാം തവണയും ഓസ്കർ അവാർഡ് നേടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ രാത്രി ഞാൻ നിങ്ങളുടെ കൂടെ ഇല്ലാത്തതിന് ക്ഷമ ചോദിക്കുന്നു. എന്റെ ഈ അഭാവം, യുഎസ് പ്രസിഡന്റ് പ്രവേശനാനുമതി നിഷേധിച്ച എന്റെ രാജ്യത്തുളള ജനങ്ങളോടും മറ്റുളള ആറ് രാജ്യങ്ങളിൽ നിന്നുളളവരോടുമുളള ബഹുമാനാർത്ഥമാണെന്നും അദ്ദേഹം പറയുന്നു.