വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ഭീകരവാദ സഘടനയുടെ നേതൃനിരയിലേക്ക് എത്തിയേക്കുമെന്ന് സൂചന. 2011 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട ഫോട്ടോ ആല്‍ബത്തില്‍ ഹംസയുടെ ചിത്രങ്ങളാണ് നല്‍കിയിട്ടുള്ളത്. ഹംസ നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് എഫ്ബിഐ മുന്‍ ഉദ്യോഗസ്ഥനായ അലി സൗഫാന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ലാദനെ കുടുക്കിയ റെയ്ഡുകളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൗഫാന്റെ വെളിപ്പെടുത്തല്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ലാദനെതിരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഇദ്ദേഹം സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഒസാമയുടെ മകനായ ഹംസ പിതാവിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പിലാക്കി ഭീകരസംഘടനയുടെ നേതാവ് ആകാന്‍ ശ്രമിക്കുമെന്നും സൗഫാന്‍ പറഞ്ഞു. 22ആം വയസില്‍ ഹംസ എഴുതിയ കത്തില്‍ ജിഹാദിന്റെ പാത ദൈവത്തിന് വേണ്ടി താനും പിന്തുടരുമെന്ന് എഴുതിയതായും അദ്ദേഹം വെളിപ്പെടുത്തി.
ഇപ്പോള്‍ 28 വയസുള്ള ഹംസയ്ക്ക് ജിഹാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഭീകരവാദം നടത്താന്‍ കഴിയുമെന്നും സൗഫാന്‍ പറയുന്നു. “ബിന്‍ ലാദന്‍ ഉപയോഗിച്ച് വരാറുള്ള അതേ വാക്കുകളും പദാവലിയും തന്നെയാണ് ഹംസയും ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഹംസ രണ്ട് ശബ്ദരേഖകളും റെക്കോര്‍ഡ് ചെയ്ത് സന്ദേശമായി അമേരിക്കയ്ക്ക് അയച്ചിട്ടുള്ളതായും മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
ശബ്ദരേഖയില്‍ അമേരിക്കയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് ഹംസ ഭീഷണി മുഴക്കുന്നത്. തങ്ങളുടെ വരവിനായി അമേരിക്ക കാത്തിരുന്നോളൂവെന്നും നിങ്ങള്‍ക്കത് അനുഭവിക്കാനാവുമെന്നും ഹംസ പറയുന്നു. പിതാവിനോടും ഇറാഖിനോടും അഫ്ഗാനിസ്ഥാനോടും അമേരിക്ക ചെയ്തതിന് പകരം വീട്ടുമെന്നും ഹംസ ശബ്ദരേഖയില്‍ പറയുന്നതായി സൗഫാന്‍ വെളിപ്പെടുത്തി.