ന്യൂഡല്‍ഹി: അല്‍ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ വിവാഹിതനായതായി റിപ്പോര്‍ട്ട്. 2001 ലോകവ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചുകയറ്റിയ വിമാനം റാഞ്ചിയ ഭീകരന്‍ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തതെന്ന് ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉസാമയുടെ കുടുംബത്തെ ഉദ്ദരിച്ചാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.

ഉസാമയുടെ അര്‍ദ്ധ സഹോദരങ്ങളായ അഹമ്മദും ഹസനും ആണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. കഴിഞ്ഞ ദിവസം ഇവരുമായും ഉസാമയുടെ മാതാവുമായും ഗാര്‍ഡിയന്‍ അഭിമുഖം നടത്തിയിരുന്നു. ‘ഹംസ മുഹമ്മദ് അത്തയുടെ മകളെ വിവാഹം ചെയ്തതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. പക്ഷെ എവിടെയാണ് അവര്‍ ജീവിക്കുന്നതെന്ന് അറിയില്ല. അഫ്ഗാനിസ്ഥാനില്‍ എവിടേയെങ്കിലും ആവണം അവര്‍ ജീവിക്കുന്നത്’, സഹോദരങ്ങള്‍ പറഞ്ഞു.

അൽഖായിദയുടെ തലവനായി ചുമതലയേറ്റ ഹംസ പിതാവിന്റെ വധത്തിന് പകരം വീട്ടാന്‍ നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതായി എഫ്ബിഐ ഏജന്റ് വെളിപ്പെടുത്തിയിരുന്നു. 9/11 ഭീകരാക്രമണത്തിന് ശേഷം ബിന്‍ ലാദന് വേണ്ടിയുള്ള അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ബിന്‍ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയില്‍ ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചെന്ന് സിബിഎസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്താക്കി. ബിന്‍ ലാദന്റെ ആശയങ്ങളെ പരിപൂര്‍ണമായി പിന്തുണച്ചിരുന്ന ഹംസ ലാദന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അൽഖായിദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാന്‍ വെളിപ്പെടുത്തി. ബില്‍ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയില്‍ കണ്ടെത്തിയ കത്തുകള്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

കത്തെഴുതുമ്പോൾ 22 വയസ് മാത്രമേ ഹംസയ്ക്ക് പ്രായമുള്ളൂ. കൊല്ലന്റെ ആലയിലെ കാരിരുമ്പായാണ് താന്‍ തന്നെ കാണുന്നതെന്ന് ഹംസയുടെ കത്തില്‍ പറയുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്നും കത്തില്‍ പറയുന്നു. അപകടകാരിയായ ഭീകരവാദിയാണ് ഹംസയെന്നും സൗഹാന്‍ പറയുന്നു. ഹംസയുടെ സന്ദേശങ്ങളെല്ലാം ഉസാമ ബില്‍ ലാദന്റേതിന് സമാനമാണ്. ലാദന്‍ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് ഹംസയും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നത് പോലെ തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook