scorecardresearch

'ചെറുപ്പത്തില്‍ അവന്‍ നല്ല കുട്ടിയായിരുന്നു, പക്ഷെ...'; ആദ്യമായി ലോകത്തോട് സംസാരിച്ച് ഉസാമയുടെ മാതാവ്

''ഇരുപതാം വയസിന്റെ തുടക്കത്തില്‍ അവനെ ചിലര്‍ ബ്രെയിന്‍ വാഷ് ചെയ്തു. അതിലൂടെ അവര്‍ പണം സമ്പാദിച്ചു''

''ഇരുപതാം വയസിന്റെ തുടക്കത്തില്‍ അവനെ ചിലര്‍ ബ്രെയിന്‍ വാഷ് ചെയ്തു. അതിലൂടെ അവര്‍ പണം സമ്പാദിച്ചു''

author-image
WebDesk
New Update
'ചെറുപ്പത്തില്‍ അവന്‍ നല്ല കുട്ടിയായിരുന്നു, പക്ഷെ...'; ആദ്യമായി ലോകത്തോട് സംസാരിച്ച് ഉസാമയുടെ മാതാവ്

അൽഖായിദ തലവനായിരുന്ന ഉസാമ ബിൻ ലാദന്‍ ചെറുപ്പത്തില്‍ നല്ല കുട്ടിയായിരുന്നെന്നും സര്‍വ്വകലാശാലയില്‍ നിന്ന് വഴി തെറ്റിപ്പോയതാണെന്നും മാതാവ് ആലിയ ഗനേം എന്ന ഹമിദ അൽ അത്താസ്. ഗാർഡിയനുമായുളള അഭിമുഖത്തിലാണ് ചരിത്രത്തിലാദ്യമായി ഉസാമയുടെ മാതാവ് പ്രതികരിച്ചത്. തന്റെ മകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ജിദ്ദയിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് പ്രലോഭനങ്ങളില്‍ വീണ് പോയതാണെന്നും ഇവര്‍ വ്യക്തമാക്കി.

Advertisment

'ആദ്യ കാലത്ത് കണ്ടിരുന്നവരൊക്കെയും അവനെ ബഹുമാനിച്ചിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ അവനെ കുറിച്ചോര്‍ത്ത് അഭിമാനപ്പെട്ടിരുന്നു. സൗദി ഭരണകൂടം പോലും വളരെ ബഹുമാനത്തോടെയാണ് അവനെ കണ്ടിരുന്നത്. പിന്നീടാണ് മുജാഹിദെന്ന ഉസാമ ബിൻ ലാദന്‍ പിറവിയെടുത്തത്. സര്‍വ്വകലാശാലയിലുളളവര്‍ അവനെ മാറ്റിയെടുത്തു', ആലിയ ഗേനം പറഞ്ഞു.

'ചെറുപ്പത്തില്‍ അവന്‍ നല്ല കുട്ടിയായിരുന്നു. എന്നാല്‍ ഇരുപതാം വയസിന്റെ തുടക്കത്തില്‍ അവനെ ചിലര്‍ ബ്രെയിന്‍ വാഷ് ചെയ്തു. ഒരു ആരാധനാ സമ്പ്രദായം എന്ന നിലയില്‍ അതിനെ വിളിക്കാം. അതിലൂടെ അവര്‍ പണം സമ്പാദിച്ചു. അത്തരക്കാരില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഞാനെന്നും അവനോട് പറയുമായിരുന്നു. അവന്‍ എന്താണ് ചെയ്യുന്നതെന്ന് എന്നോട് സമ്മതിച്ച് തരുമായിരുന്നില്ല. കാരണം അവന്‍ എന്നെ ഏറെ സ്നേഹിച്ചിരുന്നു. 'ഞങ്ങള്‍ വളരെ മാനസികസംഘര്‍ഷത്തിലായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയതല്ല', ഉസാമയുടെ മാതാവ് പറഞ്ഞു.

Advertisment

സൗദിയിലെ കിങ് അബ്ദുല്‍ അസീസ് സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രമാണ് ഉസാമ പഠിച്ചത്. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ശബ്ദം ഉയര്‍ത്തിയായിരുന്നു ഉസാമയുടെ തുടക്കം. ഇപ്പോള്‍ ജിദ്ദയില്‍ താമസിക്കുന്ന ഉസാമയുടെ മാതാവും അര്‍ദ്ധ സഹോദരങ്ങളായ ഹസനും അഹമ്മദും ഗാർഡിയനോട് സംസാരിച്ചു. ആലിയ ഗേനത്തിന്റെ വാക്കുകള്‍ പൂര്‍ണമായും ശരിയല്ലെന്ന് അഹമ്മദ് പ്രതികരിച്ചു.

'ലോക വ്യാപാര സമുച്ചയത്തിലെ ആക്രമണം നടന്നിട്ട് 17 വര്‍ഷമായി. ഇപ്പോഴും മകന്റെ ചെയ്തിയെ കുറ്റപ്പെടുത്താന്‍ അവര്‍ തയ്യാറല്ല, മകനെ അത്രയധികം സ്നേഹിച്ചത് കൊണ്ട് മാത്രമാണത്. ചുറ്റും ഉണ്ടായിരുന്നവരെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. നല്ല കുട്ടിയെന്ന നിലയില്‍ മാത്രമാണ് അവര്‍ ഉസാമയെ കണ്ടത്. ജിഹാദിയായ ഉസാമയെ അവര്‍ക്ക് അറിയില്ല', അഹമ്മദ് പറഞ്ഞു.

publive-image

2001 സെപ്റ്റംബറിലെ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് ഹസനും പ്രതികരിച്ചു. 'തുടക്കത്തിലേ ഇതിന് പിന്നില്‍ ഉസാമയാണെന്ന് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ മരിക്കും വരെ അദ്ദേഹം കാരണം ഞങ്ങള്‍ തലകുനിച്ച് നിന്നിട്ടേയുളളൂ. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിദേശത്തുണ്ടായിരുന്ന ഞങ്ങളുടെ കുടുംബം മുഴുവന്‍ സൗദിയിലേക്ക് വന്നു. 1999ല്‍ അഫ്ഗാനിസ്ഥാനിലെ ഒരു താവളത്തിലാണ് ഉസാമയെ അവസാനമായി കണ്ടത്', ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ബറാക് ഒബാമയുടെ ഭരണകാലത്ത് 2011 മെയ് മാസമാണ് പാക്കിസ്ഥാനിലെ ആബട്ടബാദില്‍ വച്ച് യുഎസ് സൈന്യം ഉസാമയെ വധിച്ചത്.

1957 മാർച്ച് 10ന് സൗദി അറേബ്യയിലെ റിയാദിലാണ് അദ്ദേഹം ജനിച്ചത്. മുഹമ്മദ് അവാദ് ബിൻ ലാദന്റെ 52 മക്കളിൽ പതിനേഴാമനായി ജനനം. പത്താമത്തെ ഭാര്യ ഹമീദയിൽ ജനിച്ച ഏക പുത്രന്‍. സൗദി ബിൻ ലാദൻ ഗ്രൂപ്പ് എന്ന നിർമ്മാണ കമ്പനിയുടെ മേധാവിയായിരുന്നു മുഹമ്മദ് അവാദ്. പിതാവ് മുഹമ്മദ് അവാദ് സൗദി രാജവംശവുമായി നല്ല ബന്ധം പുലർത്തിയിരുന്ന സമ്പന്നനായ ബിസിനസ്സുകാരനായിരുന്നു. യെമനിലെ ഹദർ മൗതിൽ നിന്ന് സൗദിയിലേക്ക് കുടിയേറിപ്പാർത്ത ആളായിരുന്നു മുഹമ്മദ് അവാദ്. 1950 കളിൽ സൗദി രാജവംശവുമായുള്ള കോൺട്രാക്ടിലൂടെ പിതാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പത്താമത്തെ ഭാര്യ ആലിയ ഗാനെം എന്ന ഹമിദ അൽ അത്താസായിരുന്നു ഉസാമയുടെ മാതാവ്. 1969-ൽ ഹെലികോപ്റ്റർ അപകടത്തിൽ മുഹമ്മദ് ബിൻ ലാദൻ കൊല്ലപ്പെട്ടു. അന്ന് ഉസാമയ്ക്ക് 11 വയസ്. ഉസാമ 80 മില്യൺ യുഎസ് ഡോളറിന്റെ അവകാശിയായി.

publive-image

സർവകലാശാലയിൽ മുഹമ്മദ് ഖുതുബ്, ഡോ.അബ്ദുല്ലാഹ് അസ്സാം തുടങ്ങിയവരാൽ ഉസാമ സ്വാധീനിക്കപ്പെട്ടു. ആധുനിക ഇസ്‌ലാമിക തീവ്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സയ്യിദ് ഖുതുബിന്റെ വിപ്ലവത്തിന്റെ തിരിനാളം എന്ന് വിമർശകർ ആരോപിക്കുന്ന ‘വഴിയടയാളങ്ങൾ’, ‘ഖുർആനിന്റെ തണലിൽ’ എന്ന ഗ്രന്ഥങ്ങളുമായി ഉസാമ പരിചയപ്പെട്ടു. സയ്യിദ് ഖുതുബിനെ തുടർന്ന് ഇസ്‌ലാമിക തീവ്രവാദത്തിന്റെ ദാർശനികനായി തീർന്ന ഡോ.അബ്ദുല്ലാഹ് അസ്സാം എന്ന പലസ്തീനിയുമായി ഉസാമ കൂടുതൽ അടുത്തു. 1973-ൽ തീവ്രവാദ സംഘടനയ്ക്കു രൂപം നൽകി. ഈ കാലഘട്ടത്തിൽത്തന്നെ പാരമ്പര്യമായി ലഭിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വവും ഉസാമ ബിൻ ലാദൻ ഏറ്റെടുത്തിരുന്നു. പിന്നീടാണ് മുജാഹിദീൻ ഗ്രൂപ്പിന് സഹായവുമായി അഫ്ഗാനിൽ പ്രവർത്തിച്ചത്. 88 വരെ അഫ്ഗാനിലെ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണിയായിരുന്നു ഉസാമ ബിൻ ലാദൻ .

1989-ൽ സൗദി അറേബ്യയിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച സ്വീകരണം വീരപരിവേഷത്തിന്റേതായിരുന്നു. തിരികെയെത്തിയ ഉസാമ കുടുംബ ബിസിനസ് വീണ്ടും ഏറ്റെടുത്തു.1996 ൽ ഉസാമ അഫ്ഗാനിസ്താനിലെ ജലാലാബാദിലെത്തി. ഉസാമയുടെ അഫ്ഗാനിസ്ഥാനിലെ സാന്നിദ്ധ്യം, അവിടുത്തെ ആഭ്യന്തര സംഭവവികാസങ്ങൾക്ക് രാജ്യാന്തരമാനം കൈവരാനും ഇടയാക്കി. 1998 ൽ ഉസാമയും ഡോ.അയ്മൻ സവാഹിരിയും മറ്റ് നിരവധി പണ്ഡിതന്മാരും ചേർന്ന് ലോകത്തെവിടെയുമുള്ള അമേരിക്കൻ താത്‌പര്യങ്ങളെ അപരാധി-നിരപരാധി വേർതിരിവില്ലതെ അക്രമിക്കുവാൻ ലോക മുസ്‌ലിംകളോടാവശ്യപ്പെട്ടു.

publive-image

അതിന് ശേഷം ലോകത്ത് പലയിടങ്ങളിലായി അമേരിക്കക്കാർക്കെതിരെ ആക്രമണങ്ങൾ നടന്നു. 2001 സെപ്റ്റംബർ 11 അൽഖായിദ ഭീകരർ രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രേഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെന്റഗണും ഇടിച്ചു തകർത്തു. ആക്രമണത്തിൽ 3000 ഓളം പേർ മരിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്നും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതോടെ ജോർജ് ഡബ്ല്യു ബുഷ് ഭീകരവാദത്തിനെതിരാണ് അമേരിക്കയുടെ പോരാട്ടമെന്ന് പ്രഖ്യാപിച്ചു. 2011 മേയ് 1ന് പാക്കിസ്ഥാനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിൽ ബിൻ ലാദൻ കൊല്ലപ്പെട്ടു.

America Osama Bin Laden Terrorism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: