ബെംഗളൂരു: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച ബെംഗളൂരു പൊലീസിനെതിരെ സംഘാടകര്‍ കോടതി കയറുന്നു. ‘സണ്ണി നൈറ്റ്’ എന്ന് പേരിട്ട പരിപാടി സംഘടിപ്പിക്കുന്ന എം.എസ്.ഹരീഷും ഭാര്യ എച്ച്.എസ്.ഭാവ്യയും അടങ്ങുന്ന ടൈം ക്രിയേഷന്‍സ് ആണ് കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ചയാണ് ‘അകാരണമായി’ പരിപാടിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തന്‍റെയും പരിപാടിയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പിക്കുവാനാകില്ലെന്ന് പൊലീസ് അറിയിച്ചതായി ചൊവ്വാഴ്ച സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനാല്‍ ‘പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല’ എന്നും സണ്ണി ലിയോണ്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നാം തീയതി സമര്‍പ്പിച്ച അപേക്ഷ ബെംഗളൂരു പൊലീസ് പരിഗണിച്ചിരുന്നുവെന്നും പിന്നീട് ’10-15 പേര്‍’ മാത്രമുള്ള കര്‍ണാടക രക്ഷണ വേദികെ യുവ സേന എന്ന സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തീരുമാനം മാറ്റുകയായിരുന്നു എന്ന് സംഘാടകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 8നാണ് പരിപാടിക്കെതിരെ ഈ സംഘടന പ്രതിഷേധം നടത്തുന്നത്. ഇന്ത്യന്‍ സംസ്കാരം സംരക്ഷിക്കണം എന്നുള്ള ആവശ്യവുമുയര്‍ത്തി ഇത്തരം പ്രതിഷേധം നടത്തിയ സംഘടനയെ സാമൂഹ്യ വിരുദ്ധരാണ് നയിക്കുന്നത് എന്നും അവര്‍ക്ക് ‘പൊതുമുതല്‍ നശിപ്പിക്കുന്നതില്‍’ റെക്കോർഡ്‌ ഉണ്ട് എന്നും പരാതിക്കാരുടെ ഹര്‍ജിയില്‍ പറയുന്നു.

ഡിസംബര്‍ 21നു കര്‍ണാടക ഹൈക്കോടതി പരാതിയില്‍ വാദം കേള്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ