ലക്‌നൗ: കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന പോളിയോ തുള്ളി മരുന്നിൽ ടൈപ്പ്-ടു പോളിയോ വൈറസുകൾ കണ്ടെത്തിയ സംഭവത്തിൽ ഭയക്കാനില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്തർപ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ് എന്ന കമ്പനി നിർമ്മിച്ച തുളളിമരുന്നിലാണ് പോളിയോ ടൈപ് ടു വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഈ വൈറസ് അതിമാരക വൈറസല്ലെന്നും, കമ്പനി വിതരണം ചെയ്ത എല്ലാ മരുന്നുകളും പിൻവലിക്കുന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. കമ്പനി വിതരണം ചെയ്ത ബൈവാലന്റ് ഓറൽ പോളിയോ വാക്സിനിലാണ് (ബിഒപിവി) വൈറസ് കണ്ടെത്തിയത്. ഏതാനും ബാച്ച് മരുന്നിൽ വൈറസ് കണ്ടതിനെത്തുടർന്ന് കസൗലിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിച്ചു. വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെ കമ്പനി വിതരണം ചെയ്യുന്ന വാക്സിന്റെ ഉപയോഗം രാജ്യത്ത് നിരോധിച്ചു. കമ്പനിക്കെതിരേ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കേസെടുത്തിട്ടുണ്ട്. കമ്പനി എംഡിയെ അറസ്റ്റു ചെയ്തെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പോളിയോ തുളളിമരുന്നുകൾ നിർമ്മിക്കുന്ന അനേകം കമ്പനികളിൽ ഒന്ന് മാത്രമാണ് ബയോമെഡ്. ഇതിനാൽ തന്നെ ഭയക്കേണ്ട യാതൊരു സാഹചര്യവുമില്ല. കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന പോളിയോ തുളളിമരുന്ന് ഏറ്റവും സുരക്ഷിതമായവയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന് മരുന്നുകളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിന് ശക്തമായ സംവിധാനം ഉണ്ടായത് കൊണ്ടാണ് തുടക്കത്തിൽ തന്നെ ഇത് കണ്ടെത്താൻ സാധിച്ചതെന്നാണ് മന്ത്രാലയം പറയുന്നത്. വൈറസ് ബാധ കണ്ടെത്തിയ മരുന്നുകൾ പിൻവലിച്ചതായും മന്ത്രാലയം പറഞ്ഞു.