/indian-express-malayalam/media/media_files/uploads/2023/02/kc-venugopal1.jpg)
KC Venugopal
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈ 17-18 തീയതികളില്‍ ബെംഗളൂരുവില്‍ നടക്കുമെന്ന് കോണ്‍ഗ്രസ്. 'പട്‌നയിലെ വിജയകരമായ സര്‍വപ്രതിപക്ഷ യോഗത്തിന് ശേഷം ഞങ്ങള്‍ അടുത്ത യോഗം 2023 ജൂലൈ 17, 18 തീയതികളില്‍ ബെംഗളൂരുവില്‍ ചേരും' കെ സി വേണുഗോപാല്‍ ട്വീറ്റില്‍ അറിയിച്ചു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാറിന്റെ പുതിയ നീക്കം പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ്. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.
''ഇത് ഇഡിയുടെയും അവരുടെ ഏജന്‍സികളുടെയും വ്യക്തമായ സ്‌പോണ്‍സര്‍ ചെയ്ത ഗെയിമാണ്.'' പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന നേതാവാണ് ശരദ് പവാറെന്നും സാഹചര്യം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
'അഴിമതിയുടെ പേരില്‍ എന്‍സിപി നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി മോദി അടുത്തിടെ ഒരു വലിയ ആരോപണം ഉന്നയിച്ചു, ഇപ്പോള്‍ ഞങ്ങള്‍ ഈ നാടകം കണ്ടു. ഇഡി യുടെയും അവരുടെ ഏജന്‍സികളുടെയും വ്യക്തമായ സ്‌പോണ്‍സര്‍ ചെയ്ത ഗെയിമാണിത്. ഇത് എംവിഎയെ ബാധിക്കില്ല. ബിജെപിക്കെതിരെ കൂടുതല്‍ ശക്തമായി പോരാടും. ഇത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കാന്‍ പോകുന്നില്ല, ഇത് എന്‍സിപിയുടെ പ്രശ്‌നമാണ്. പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന നേതാവാണ് ശരദ് പവാര്‍, സാഹചര്യം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ചില നേതാക്കള്‍ പാര്‍ട്ടി മാറുന്നത് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും മറ്റ് അംഗങ്ങളും അവര്‍ക്കൊപ്പം പോകുമെന്ന് അര്‍ത്ഥമാക്കുന്നില്ല,'' വേണുഗോപാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈ 13-14 തീയതികളില്‍ ബെംഗളൂരുവില്‍ ചേരുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ജൂണ്‍ 29ന് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 23 ന് പട്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്ത യോഗം ഷിംലയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 15 പാര്‍ട്ടികളില്‍ നിന്നായി 32 നേതാക്കള്‍ ഐക്യത്തെ പിന്തുണച്ചിരുന്നു. അതിനിടെ, അടുത്ത പ്രതിപക്ഷ യോഗം ഒന്നുകില്‍ 2-4 ദിവസം വൈകുകയോ നീട്ടിവെക്കുകയോ ചെയ്യുമെന്ന് ആര്‍ജെഡി എംപി മനോജ് ഝാ പറഞ്ഞു.
'അടുത്ത പ്രതിപക്ഷ യോഗം ഒന്നുകില്‍ 2-4 ദിവസം വൈകുകയോ നീട്ടിവെക്കുകയോ ചെയ്യാം. ഇത്തരമൊരു താല്‍ക്കാലിക തീയതി ഇതുവരെ ഇല്ലെങ്കിലും മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് യോഗം ചേരാനാണ് സാധ്യത,'' ഝായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായാണ് അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് പോയത്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് അദ്ദേഹം പദവി പങ്കിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.