ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഒരമ്മയും മകനും തമ്മിലുളള കൂടിക്കാഴ്ചയും ഭാര്യയും ഭർത്താവും തമ്മിലുളള കൂടിക്കാഴ്ചയും വ്യാജ പ്രചാരണത്തിന് പാക്കിസ്ഥാൻ ആയുധമാക്കി. ഇന്ത്യൻ നയതന്ത്രജ്ഞർ ഇല്ലാതെയാണ് കൂടിക്കാഴ്ച തുടങ്ങിയത്. പാക്കിസ്ഥാൻ മനുഷ്യത്വം കാട്ടിയില്ല. പാക്കിസ്ഥാനെ ഇന്ത്യ പ്രതിഷേധം അറിയിച്ചുവെന്നും സുഷമ രാജ്യസഭയിൽ പറഞ്ഞു.

കുൽഭൂഷണിന്റെ അമ്മയെ മറാത്തിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. രണ്ടു പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. കുൽഭൂഷണിനോട് അമ്മ സംസാരിച്ചു തുടങ്ങുമ്പോൾ അവർ നിരന്തരം തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. സാരി ഉടുത്തിരുന്ന കുൽഭൂഷണിന്റെ അമ്മയുടെ വസ്ത്രം അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് മാറ്റി സൽവാറും കുർത്തയും ധരിപ്പിച്ചു. പൊട്ടും വളകളും മംഗല്യസൂത്രയും അഴിപ്പിച്ചു മാറ്റി. ഇരുവരും വിധവകളെപ്പോലെയാണ് മകനെ കണ്ടത്. ഇത് മനുഷ്യത്വ ലംഘനമാണ്. കുൽഭൂഷണിന്റെ കുടുംബാംഗങ്ങൾക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു. അവരുടെ ഉളളിൽ ഭയം പാക്കിസ്ഥാൻ സൃഷ്ടിച്ചു.

കുൽഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പ് അഴിപ്പിച്ചു. തിരികെ വരാൻ സമയത്ത് ചെരുപ്പ് നൽകിയില്ല. ചെരുപ്പിനുളളിൽ ക്യാമറയോ റെക്കോർഡറോ ഉണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഈ ചെരുപ്പ് ധരിച്ചാണ് രണ്ടു വിമാനത്തിൽ കയറി അവർ പാക്കിസ്ഥാനിലെത്തിയത്. പാക്കിസ്ഥാന്റെ വാദം ശുദ്ധ അസബന്ധമാണ്-സുഷമ പറഞ്ഞു.

സുഷമയുടെ പ്രസ്താവനയോട് പ്രതിപക്ഷവും യോജിച്ചു. കുൽഭൂഷണിന്റെ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ചത് എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. നമ്മുടെ അമ്മമാരോടും സഹോദരിമാരോടും മറ്റൊരു രാജ്യം മോശമായി പെരുമാറുന്നത് സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ