ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യമെമ്പാടും അവര്‍ അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുകയാണെന്നും ഷാ ആരോപിച്ചു.

42 പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി ആക്രമണങ്ങള്‍ക്കുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഷാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ചു. ബി എസ് പി, എസ്‌പി, കമ്യൂണിസ്റ്റുകള്‍, കോണ്‍ഗ്രസ്, മമത ദീദി തുടങ്ങിയവര്‍ സിഎഎയ്ക്ക് എതിരാണെന്ന് ഒഡിഷയില്‍ നടന്ന ഒരു പരിപാടിയില്‍ ഷാ പറഞ്ഞു.

”കാരണം അവര്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന്. എന്തിനാണ് അവര്‍ നുണ പറയുന്നത്. സിഎഎ പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ്. ആരുടെയും പൗരത്വം എടുത്ത് കളയാനുള്ളതല്ല,” അദ്ദേഹം പറഞ്ഞു.

Read Also: അരൂജാസ് വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് ഷാ വീണ്ടും ആവര്‍ത്തിച്ചു. ”ഒരൊറ്റ മുസ്ലിമിന്റേയും പൗരത്വ അവകാശം സിഎഎ എടുക്കുകയില്ലെന്ന് ഞാന്‍ പറയുന്നു,” അദ്ദേഹം വ്യക്തമാക്കി.

ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) തലവനുമായ നവീന്‍ പട്‌നായിക് കഴിഞ്ഞ ഡിസംബറില്‍ സിഎഎയെ പിന്തുണച്ചിരുന്നു.

2014 ഡിസംബര്‍ 31-ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധിസ്റ്റുകള്‍, ക്രിസ്ത്യാനികള്‍, ജൈനന്‍മാര്‍, പാഴ്‌സികള്‍ തുടങ്ങി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ് സിഎഎ. മുസ്ലിങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താതത് ഏറെ പ്രതിഷേധത്തിന് കാരണമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook