ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിൽ പാക്കിസ്ഥാന്റെ ഭാഷയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ പിടിഐയാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡൽഹിയിൽ നടന്ന ബിജെപി പാർലമെന്റ് പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത മോദി ആർട്ടിക്കിൾ 370 അസാധുവാക്കാനുള്ള സർക്കാരിന്റെ തീരുമാനവുമായി ബില്ലിനെ ഉപമിച്ചു. മതപരമായ വേട്ടയാടലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇത് ശാശ്വത ആശ്വാസം നൽകുമെന്നും മോദി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കും. ബില്ലില്‍ ആറ് മണിക്കൂറോളം ചര്‍ച്ച നടക്കാനാണ് സാധ്യത. അതിനുശേഷമായിരിക്കും വോട്ടെടുപ്പ്. ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയിലും പാസാകുമെന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത സ്വതന്ത്ര പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

Read Also: പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്‌ക്കെതിരായ ആക്രമണം: രാഹുൽ ഗാന്ധി

എന്‍ഡിഎ സഖ്യത്തിലെ എല്ലാ അംഗങ്ങളും പിന്തുണച്ചാലും ഭൂരിപക്ഷം ആകില്ല. മറിച്ച് അണ്ണാ ഡിഎംകെ, ബിജെഡി, ശിവസേന എന്നീ എന്‍ഡിഎ ഇതര കക്ഷികള്‍ ബില്ലിനു പിന്തുണ നല്‍കിയാല്‍ പൗരത്വ ഭേദഗതി ബില്‍ അനായാസം രാജ്യസഭ കടക്കും. അണ്ണാ ഡിഎംകെയും ബിജെഡിയും തങ്ങളെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. അതേസമയം, ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാണ്. ബില്ലുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള സംശയങ്ങള്‍ പരിഹരിച്ചാലേ രാജ്യസഭയില്‍ ബില്ലിനെ പിന്തുണയ്ക്കൂ എന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ നിലപാട്.

ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. രാത്രി ഏറെ വൈകിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 12.02 നാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 311 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തത് 80 പേര്‍ മാത്രം. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook