ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തോട് യോജിക്കേണ്ടെന്ന് സിപിഎം തീരുമാനം. ബാലറ്റിലേക്ക് മടങ്ങുന്നത് തിരഞ്ഞെടുപ്പ് വൈകാനിടയാക്കും. അതിനാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുമായി ഇക്കാര്യത്തിൽ സഹകരിക്കേണ്ടതില്ലെന്നും പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി.
ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ 16 പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നിർണായക തീരുമാനം. തിരഞ്ഞടുപ്പ് പരിഷ്കരണത്തിന് വേണ്ടി പുതിയ നയം രൂപീകരിക്കണമെന്നും തിരഞ്ഞടുപ്പ് കമ്മീഷനെ നിയമിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ സുതാര്യത വേണമെന്നും എന്ന നിലപാടാണ് പിബി മുന്നോട്ട് വയ്ക്കുന്നത്.
ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിന് ഇതോടെ പിന്തുണ കുറഞ്ഞു. വോട്ടിങ് മെഷീനുകളിലെ കൃത്രിമം തടയണമെന്നാവശ്യപ്പെട്ടും ബാലറ്റ് സംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് മാത്രമേ തിരഞ്ഞെടുപ്പ് നടത്താവു എന്ന് പ്രതിപക്ഷം കമ്മീഷനോട് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ പാര്‍ട്ടികള്‍ക്ക് വിശ്വാസമില്ലെന്ന് കാട്ടിയാണ് നിവേദനം നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യാനായി സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതായാണ് വിവരം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിഎം മെഷീനില്‍ കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് പ്രതിപക്ഷം നേരത്തേ ആരോപണം ഉയര്‍ത്തിയിരുന്നു. ഇവിഎമ്മില്‍ കൃത്രിമത്വം നടത്താന്‍ കഴിയുമെന്നും പ്രതിപക്ഷം അവകാശവാദം ഉന്നയിച്ചു.