ന്യൂഡല്‍ഹി: 2019ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും നീതിയുക്തമായ തെരഞ്ഞെടുപ്പി​​​ന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തി​​ന്റേയും അവസാനമായിരിക്കുമെന്ന്​ ബിജെപിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ അരുൺ ഷൂറി. അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്​ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്​ഞ ചെയ്യണമെന്നും അരുൺ ഷൂറി ആവശ്യപ്പെട്ടു.

‘ദ വയര്‍’ സംഘടിപ്പിച്ച കരണ്‍ ഥാപ്പര്‍ നയിക്കുന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ജനപ്രിയനായ നേതാവാണെന്നും ശക്തനായ ഒരു എതിരാളിയെ നിര്‍ത്താനാവില്ലെന്നും കരുതുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചിലർ ചോദിക്കുന്നത്​ രാഹുൽ ഗാന്ധിയാണോ പകരക്കാരൻ, അതോ മമതാ ബാനർജിയോ..? എന്നാൽ അവർ മറന്നുപോകുന്നത്​ 1977ൽ ആരായിരുന്നു ഇന്ദിരാ ഗാന്ധിക്ക്​ പകരം എന്ന ചരിത്രമാണ്​. ജഗ്​ജീവൻ റാമോ, എച്എൻ ബഹുഗുണയോ, ചരൺ സിംഗോ അതോ മൊറാർജി ദേശായി ആയിരുന്നോ ഇന്ദിരാഗാന്ധിക്ക്​ പകരമായി വന്നത്​? അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പെയിയെ ചിലർ നെഹ്​റുവിനോട്​ ഉപമിക്കാറുണ്ട്​. 2004ൽ അദ്ദേഹത്തിന്​ പകരം വന്നത്​ ആരായിരുന്നു.? സോണിയ ഗാന്ധിയായിരുന്നോ? ചിത്രത്തിൽ പോലുമില്ലാതിരുന്ന മൻമോഹൻ സിങ്ങാണ്​ പ്രധാനമന്ത്രിയായത്​’, ഷൂരി പറഞ്ഞു.

‘ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് വരുമെന്ന് കരുതരുത്. ഈ ആക്രമണത്തെ ചെറുക്കാനുളള അവസാനത്തെ അവസരമാണിത്. 2019ല്‍ പരാജയപ്പെടുകയാണെങ്കില്‍ എന്റെ സുഹൃത്തെ, നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പ് അതിന് ശേഷം നിങ്ങള്‍ പ്രതീക്ഷിക്കരുത്. 2014ല്‍ ജനപ്രീതിയുടെ ആകാശത്ത് നില്‍ക്കുമ്പോള്‍ മോദി നേടിയത് 31 ശതമാനം വോട്ട് ഓഹരിയാണ്. അന്നത്തേതില്‍ നിന്നും മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ട്. അത്കൊണ്ട് പ്രതിപക്ഷത്തിന്റെ വോട്ട് നമ്പര്‍ തുടങ്ങുന്നത് 69 ശതമാനത്തിലാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചാല്‍ കഴിഞ്ഞ തവണത്തേത്ത് പോലെ 90 ശതമാനം സീറ്റുകളില്‍ വിജയിക്കുക എന്നത് മോദിക്ക് അസാധ്യമായി വരും’, ഷൂരി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook