ന്യൂഡല്‍ഹി: 17-ാം ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷത്തെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകാന്‍ നരേന്ദ്ര മോദി ഉപദേശിച്ചു. പാര്‍ലമെന്റിൽ അംഗബലം കുറവാണെന്നോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ല. ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. ക്രിയാത്മക പ്രതിപക്ഷത്തിന് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
Read Also: പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു
എണ്ണത്തില്‍ കുറവാണല്ലോ എന്ന് ഓര്‍ത്ത് പ്രതിപക്ഷം നിരാശരാകേണ്ടതില്ല. സഭാ നടപടികളില്‍ വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയുമാണ് വേണ്ടത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പാര്‍ലമെന്റിൽ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പാര്‍ലമെന്റിൽ ആയിരിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ആവശ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.
പാര്‍ലമെന്റിൽ എത്തുമ്പോള്‍ പ്രതിപക്ഷം, ഭരണപക്ഷം എന്നീ അവസ്ഥയെല്ലാം നമ്മള്‍ മറക്കണം. നമ്മള്‍ ഒരൊറ്റ പക്ഷത്തെ കുറിച്ചേ ആലോചിക്കാവൂ. അത് നിഷ്പക്ഷതയാണ്. രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാത്രമേ ചിന്തിക്കാവൂ എന്നും നരേന്ദ്ര മോദി പറഞ്ഞു.
എല്ലാ പാര്‍ട്ടികളുടെയും പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തുടര്‍ച്ചയായി രണ്ടാം തവണയും ലഭിക്കുന്നത്. രാജ്യത്തെ സേവിക്കാന്‍ ഒരു അവസരം കൂടി തങ്ങള്‍ക്ക് ലഭിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ ആവശ്യപ്പെടുന്നതായും നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റിലെ നടപടികള്‍ വളരെ ഭംഗിയായി നടക്കുകയാണെങ്കില്‍ ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളും നിറവേറുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാണ് ആരംഭിച്ചത്. എംപിമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നും നാളെയും നടക്കുന്നത്. നരേന്ദ്ര മോദിയും മറ്റ് എംപിമാരും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉച്ചയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യും.