/indian-express-malayalam/media/media_files/r9tEtCCOF0lM7kntcv9r.jpg)
2023 ഫെബ്രുവരി മുതൽ ഡിസംബർ 31 വരെയുള്ള 10 മാസങ്ങളിൽ, മുനിസിപ്പൽ കമ്മീഷണറും അഡ്മിനിസ്‌ട്രേറ്ററുമായ ഐ എസ് ചാഹൽ 500.58 കോടി രൂപ 21 എം എൽ എ മാർക്ക് നൽകി
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, രണ്ട് വർഷമായി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ആ പ്രദേശത്തിലെ എംഎൽഎ ഏത് പാർട്ടിയിൽ നിന്നുള്ളയാളാണെന്നതിനെ ആശ്രയിച്ചിരിക്കും. എംഎൽഎ ഭരണപക്ഷത്തായിരിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള പണപ്പെട്ടിയുടെ വാതിലുകൾ തുറക്കുകയും പ്രതിപക്ഷത്തു നിന്നുള്ള എം എൽ യുടെ പ്രദേശങ്ങളിൽ അത് അടഞ്ഞുകിടക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മുംബൈയിൽ 36 എംഎൽഎമാരാണുള്ളത്: ഭരണകക്ഷിയായ ബിജെപി-ഷിൻഡെ ശിവസേന സഖ്യത്തിന് 21പേരും, പ്രതിപക്ഷത്തിന് 15പേരും. 2023 ഫെബ്രുവരിയിലെ നയത്തിന് കീഴിൽ, പ്രവൃത്തികൾക്കായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) നിന്ന് ഫണ്ട് തേടാൻ എംഎൽഎമാരെ അനുവദിക്കുന്നു, 21 ഭരണ പക്ഷ എംഎൽഎമാരിൽ ഓരോരുത്തരും 2023 ഡിസംബർ വരെ ഫണ്ട് തേടുകയും നേടുകയും ചെയ്തു.
എന്നാൽ, 15 പ്രതിപക്ഷ എംഎൽഎമാരിൽ 11 പേർ പണം ആവശ്യപ്പെട്ടിട്ടും, ഒരാൾക്ക് പോലും അഞ്ച് പൈസ നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇങ്ങനെ പണം ലഭിക്കാത്ത എം എൽ എമാരിൽ ശിവസേന (ഉദ്ധവ് ബാൽ താക്കറെ വിഭാഗം)യുടെയും കോൺഗ്രസിന്റെയും ജനപ്രതിനിധികളാണ് ഉൾപ്പെടുന്നത്.
15 പ്രതിപക്ഷ എംഎൽഎമാർ ഫണ്ടിനായി അപേക്ഷിച്ചിട്ടുണ്ടോ എന്നും ബിഎംസി അത് അംഗീകരിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി ഇന്ത്യൻ എക്സ്പ്രസ് അവരുമായി സംസാരിച്ചു.
അനുവദിച്ചിരുന്നെങ്കിൽ, ധാരാവിയിൽ ഒരു ഡ്രെയിനിന്റെ അറ്റകുറ്റപ്പണി മുതൽ സെവ്രിയിലെ ഒരു പാർക്ക് മോടിപിടിപ്പിക്കലും സത്യനാരായൻ ചാവ്‌ലിയിലെ നടപ്പാതയില്‍ ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കൽ വരെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുമായിരുന്നു.
അയച്ചു നൽകിയ ചോദ്യാവലിയോട്, ബിഎംസി കമ്മീഷണർ ഐഎസ് ചാഹൽ പ്രതികരിച്ചില്ല. കഴിഞ്ഞ ബുധനാഴ്ച ഇതിനായി അയച്ച മെയിൽ അദ്ദേഹം കൈപ്പറ്റിയതായി അക്നോളഡ്ജ് ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട 227 ബിഎംസി കോർപ്പറേറ്റർമാർ സാധാരണ ഏറ്റെടുക്കുന്ന ജോലികളാണിത്. എന്നാൽ രണ്ട് വർഷത്തോളമായി രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നതിനാൽ, ഫെബ്രുവരി നാലിന് ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 16, 2023 ന്, നഗരത്തിലെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട്, മുംബൈയിലെ 36 എം എൽ എ മാർ വഴി നൽകുമെന്ന് ബിഎംസി പ്രമേയം പാസാക്കി.
2023 ഫെബ്രുവരിയിലെ പ്രമേയത്തെ തുടർന്നുള്ള അംഗീകാര കുറിപ്പിൽ ഇങ്ങനെ പറയുന്നു, “അതത് നിയോജക മണ്ഡലങ്ങളിലെ വിവിധ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഫണ്ട് നൽകുന്നതിനായി എംഎൽഎ മാർ/ എംപിമാർ എന്നിവരിൽ നിന്ന് ധാരാളം കത്തുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, 2023 ഫെബ്രുവരി 16-ന് അഡ്മിനിസ്ട്രേറ്റർ ഈ പുതിയ വ്യവസ്ഥയ്ക്ക് അംഗീകാരം നൽകി.
ഈ വ്യവസ്ഥ പ്രകാരം, 36 എംഎൽഎമാരുടെ മണ്ഡലങ്ങളിൽ നടപ്പാക്കേണ്ട പ്രവൃത്തികൾക്കായി 1,260 കോടി രൂപ – 52,619 കോടി ബിഎംസി ബജറ്റിന്റെ ഏകദേശം 2.5 ശതമാനം – നീക്കിവച്ചു. പരമാവധി 35 കോടി രൂപയാണ് ഓരോ എംഎൽഎക്കും ആവശ്യപ്പെടാൻ അർഹതയുണ്ടായിരുന്നത്.
എന്നാൽ, 2023 ഫെബ്രുവരി മുതൽ ഡിസംബർ 31 വരെയുള്ള 10 മാസങ്ങളിൽ, മുനിസിപ്പൽ കമ്മീഷണറും അഡ്മിനിസ്‌ട്രേറ്ററുമായ ഐ എസ് ചാഹൽ 500.58 കോടി രൂപ 21 എം എൽ എ മാർക്ക് നൽകി, എല്ലാം ബിജെപിയുടെയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെയും 21 എംഎൽഎമാർക്ക്. പ്രതിപക്ഷ എംഎൽഎമാർ നയാപൈസ നൽകിയില്ല.
പണം നൽകൽ പ്രക്രിയയും തിരഞ്ഞെടുപ്പും
ബിഎംസിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശത്തിന് നിലവിലെ മഹാരാഷ്ട്ര നിയമസഭയിൽ 36 എംഎൽഎമാരുണ്ട്, അതിൽ 15 പേർ ബിജെപിക്കും ആറ് പേർ ഏകനാഥ് ഷിൻഡെയുടെ ശിവസേനയ്ക്കും ഒമ്പത് പേർ ഉദ്ധവ് ബാൽതാക്കറെയുടെ ശിവസേനയ്ക്കും നാല് പേർ കോൺഗ്രസ്സിനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), സമാജ് വാദി പാർട്ടി (എസ് പി)എന്നിവർക്ക് ഓരോ എം എൽ എ മാരുമാണ് ഈ പ്രദേശത്തിന് കീഴിൽവരുന്നത്.
ബിഎംസിയുടെ പ്രത്യേക നയത്തിന് കീഴിൽ, എംഎൽഎമാരിൽ നിന്ന് അവരുടെ നിയോജക മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കാനും അങ്ങനെ അംഗീകരിച്ച നിർദ്ദേശങ്ങൾ ബിഎംസിക്ക് കൈമാറാനും ഈ പ്രദേശത്തെ വികസനമേൽനോട്ട ചുമതലയുള്ള മന്ത്രിമാർക്ക് (ഗാർഡിയൻ മന്ത്രി) അധികാരമുണ്ട്, അതിന് ശേഷം ഫണ്ട് വിതരണം ചെയ്യും. ഈ നയം നിലവിൽ വരുന്നതുവരെ, ബി എം സിയുടെ കോർപ്പസിൽ നിന്ന് നിയമസഭാംഗങ്ങൾക്ക് പണം സ്വീകരിക്കാൻ വ്യവസ്ഥയുണ്ടായിരുന്നില്ല.
ബിഎംസി പ്രമേയത്തെത്തുടർന്ന്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മുംബൈയിലെ രണ്ട് ഗാർഡിയൻ മന്ത്രിമാരും - മംഗൾ പ്രഭാത് ലോധ (മുംബൈ സബർബ്സ് - 26 നിയമസഭാ മണ്ഡലങ്ങൾ ), ദീപക് കേസർകർ (മുംബൈ സിറ്റി - 10 നിയമസഭാ മണ്ഡലങ്ങൾ) - ഫണ്ടിനായി എംഎൽഎമാർ നടത്തിയ അഭ്യർത്ഥനകൾ അനുമതി നൽകി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അംഗീകാരത്തെ തുടർന്ന് ബിഎംസി ഫണ്ട് വിതരണം തുടങ്ങി.
ജില്ലയുടെ ആസൂത്രണത്തിനും വികസനത്തിനും മേൽനോട്ടം വഹിക്കുന്ന ഓരോ ജില്ലയ്ക്കും മഹാരാഷ്ട്രയിൽ ഗാർഡിയൻ മന്ത്രിമാരുണ്ട്.
11 കാര്യങ്ങളിൽ പ്രതിപക്ഷ എംഎൽഎമാരുടെ ഫണ്ട് അഭ്യർത്ഥനകൾ അംഗീകരിച്ച് ബിഎംസിക്ക് കൈമാറാനുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച രേഖകൾ കാണിക്കുന്നു. പ്രതിപക്ഷ എം.എൽ.എമാർ എഴുതിയ കത്ത്, ചില സന്ദർഭങ്ങളിൽ ഫണ്ടിനായുള്ള അഭ്യർത്ഥനകൾ 2023 മാർച്ചിൽ തന്നെ മന്ത്രിമാർക്ക് അയച്ചതായി അത് വ്യക്തമാക്കുന്നു.
ഇതേസമയം, രേഖകൾ വ്യക്തമാക്കുന്നത്, ബി.ജെ.പിയുടെയും ശിവസേനയുടെയും എം.എൽ.എമാരുടെ അഭ്യർത്ഥനകൾ മുഖ്യമന്ത്രിയും രണ്ട് ഗാർഡിയൻ മന്ത്രിമാരും അംഗീകരിച്ചു, ചിലത് ഒരാഴ്ചയ്ക്കുള്ളിൽ ബിഎംസിക്ക് കൈമാറി. നാല് എം.എൽ.എമാർ - മൂന്ന് സേനയും ഒരു ബി.ജെ.പിയും - മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതിയപ്പോൾ മറ്റുള്ളവർ ഗാർഡിയൻ മന്ത്രിമാർക്ക് കത്തെഴുതുകയാണ് ചെയ്തത്.
സ്വന്തം മണ്ഡലത്തിലേക്ക് വന്നപ്പോൾ ഗാർഡിയൻ മന്ത്രി ലോധ നേരിട്ട് ബിഎംസിയിൽ പോയി ഫണ്ട് വാങ്ങി. 2023 ജൂൺ 23ന് മലബാർ ഹില്ലിൽ നിന്നുള്ള ബിജെപി എംഎൽഎആയ ലോധ 30 കോടി രൂപ ആവശ്യപ്പെട്ട് ചാഹലിന് കത്തയച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ, ജൂൺ 28-ന്, 24 കോടി രൂപയുടെ പ്രാരംഭ വിതരണത്തിന് അനുമതി നൽകി (ആവശ്യപ്പെട്ട ഫണ്ടിന്റെ 80 ശതമാനം).
അതേസമയം പ്രതിപക്ഷ എംഎൽഎമാർ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്
കഴിഞ്ഞ രണ്ട് മാസമായി, 15 പ്രതിപക്ഷ എംഎൽഎമാരുമായും ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടു; 11പേര്‍ ബിഎംസിയിൽ നിന്ന് ഫണ്ട് ആവശ്യപ്പെട്ട് ചുമതലക്കാരനായ മന്ത്രിക്ക് കത്തെഴുതിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
ബാക്കിയുള്ള നാല് എംഎൽഎമാരിൽ, എൻസിപിയുടെ ഏക എംഎൽഎ നവാബ് മാലിക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയും മെഡിക്കൽ കാരണങ്ങളാൽ ജാമ്യത്തിലിറങ്ങുകയും ചെയ്തു. മറ്റ് മൂന്ന് പേർ - ഉദ്ധവ് താക്കറയുടെ ശിവസേനയുടെ ആദിത്യ താക്കറെ, പ്രകാശ് പത്തര്‍ഫെകര്‍, റുതുജ ലട്‌കെ എന്നിവർ ധനസഹായം ആവശ്യപ്പെട്ട് ചുമതലുയള്ള മന്ത്രിമാർക്ക് കത്തെഴുതിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.