Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

സാമ്പത്തിക പ്രതിസന്ധി മറയ്ക്കാൻ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: സോണിയാ ഗാന്ധി

കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയെ കൂടാതെ തൃണമൂൽ കോൺഗ്രസ്, ബിഎസ്‌പി, ആം ആദ്‌മി, ഡിഎംകെ എന്നീ പാർട്ടികളും പങ്കെടുത്തില്ല

ന്യൂഡല്‍ഹി: രാജ്യം ഇന്നു നേരിടുന്ന യഥാര്‍ഥ പ്രശ്നം സാമ്പത്തികത്തകര്‍ച്ചയും മന്ദഗതിയിലുള്ള വളര്‍ച്ചയുമാണെന്നു കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ഈ ഭീതിതമായ യാഥാര്‍ഥ്യത്തില്‍നിന്നു രാജ്യത്തിന്റെ ശ്രദ്ധ മാറ്റാന്‍ സര്‍ക്കാര്‍ ജനങ്ങളിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയാണെന്നും സോണിയ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന കോണ്‍ഗ്രസ്-പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിഎഎയും എന്‍ആര്‍സിയും സമീപകാല പ്രക്ഷോഭത്തിന്റെ പെട്ടെന്നുള്ള കാരണങ്ങള്‍ മാത്രമാണെന്നു സോണിയാ ഗാന്ധി പറഞ്ഞു. വ്യാപകമായി നിലനില്‍ക്കുന്ന അമർഷമാണു പ്രക്ഷോഭത്തില്‍ പ്രതിഫലിച്ചതെന്നും അവര്‍ പറഞ്ഞു.

” രാജ്യം ഇന്നു നേരിടുന്ന യഥാര്‍ഥ പ്രശ്നം സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും വളര്‍ച്ച മന്ദഗതിയിലായതുമാണ്. സമൂഹത്തിലെ എല്ലാ മേഖലയുടെയും വികസനത്തെ ഇത് ബാധിച്ചു. ഇതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരങ്ങളില്ല. ഈ ഭീതിതമായ യാഥാര്‍ഥ്യത്തില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റേതുമായ പ്രശ്നങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഇവര്‍ സൃഷ്ടിക്കുകയാണ്,” സോണിയ പറഞ്ഞു.

ഭരിക്കുന്നതിലും ജനങ്ങള്‍ക്കു സുരക്ഷ നല്‍കുന്നതിലും മോഡി-അമിത് ഷാ സര്‍ക്കാരിന്റെ കഴിവില്ലായ്മ രാജ്യം മുഴുവന്‍ വ്യാപിച്ച പൗരത്വ പ്രക്ഷോഭത്തിന്റെയും ക്യാമ്പസുകളിലെ അതിക്രമത്തിന്റെയും പശ്ചാത്തലത്തില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ജാമിയ, ബനാറസ് ഹിന്ദു, അലഹബാദ്, അലിഗഡ് സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംഭവത്തിനുശേഷം ജെഎന്‍യുവില്‍ നടന്ന ബിജെപി ആസൂത്രണം ചെയ്ത അതിക്രമം രാജ്യം ഭീതിയോടെയാണു കണ്ടത്.

വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നു. വലിയതോതിലുള്ള പ്രക്ഷോഭം രാജ്യത്ത് ഉയരുന്നുണ്ട്. ഭരണഘടനയെ ദുര്‍ബലമാക്കുകയും ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയുമാണു സര്‍ക്കാരെന്നും സോണിയാ ഗാന്ധി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ തുടർച്ച സംബന്ധിച്ച കൂടിയാലോചനയ്‌ക്കായാണു  പ്രതിപക്ഷ പാർട്ടികളുടെ യോഗം കോൺഗ്രസ് വിളിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എൽജെഡി അധ്യക്ഷൻ ശരദ് യാദവ് തുടങ്ങിയവർ പങ്കെടുത്തപ്പോൾ പ്രധാന കക്ഷികൾ വിട്ടുനിന്നു.

Read Also:സാബുമോൻ പഴയ സാബുമോനല്ല, എജ്ജാതി മാറ്റമെന്ന് സോഷ്യൽ മീഡിയ

കോൺഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയെ കൂടാതെ തൃണമൂൽ കോൺഗ്രസ്, ബിഎസ്‌പി, ആം ആദ്‌മി, ഡിഎംകെ എന്നീ പാർട്ടികൾ യോഗത്തിൽനിന്നു വിട്ടുനിന്നു. ശിവസേന എന്തുകൊണ്ട് യോഗത്തിൽനിന്നു വിട്ടുനിന്നുവെന്നതിൽ വ്യക്തതയില്ല. എന്നാൽ, യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് ശിവസേന എംപിയും പാർട്ടിയുടെ ലോക്‌സഭാ നേതാവുമായ വിനായക് റാവത്ത് പറയുന്നത്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി സംസാരിച്ചശേഷം മറ്റ് കാര്യങ്ങൾ വിശദീകരിക്കാമെന്നും ശിവസേന നേതാവ് വ്യക്തമാക്കി. തങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ആം ആദ്‌മിയും പറയുന്നുണ്ട്. ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു. പങ്കെടുക്കാത്തതിനു കാരണവും മായാവതി പറഞ്ഞിട്ടുണ്ട്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ ബിഎസ്‌പി എംഎൽഎമാരെ കോൺഗ്രസ് കുതിരക്കച്ചവടത്തിലൂടെ സ്വന്തം പക്ഷത്താക്കിയതിൽ തന്റെ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കുന്നത് തന്റെ പാർട്ടി പ്രവർത്തകരെ നിരാശരാക്കുമെന്ന് മായാവതി ട്വീറ്റ് ചെയ്തു.

Read Also: ‘എന്തൊരു ഉത്കണ്ഠ, എന്തായാലും ഹിന്ദു മതം സുരക്ഷിതമാണ്’; ചുട്ടമറുപടിയുമായി പാർവതി

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ ബിഎസ്‌പി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും സിഎഎ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ”സിഎഎയ്ക്കും എൻആർസിക്കും എതിരാണ് ബിഎസ്‌പി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ ഈ നിയമം പിൻവലിക്കണമെന്ന് ഞങ്ങൾ വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു,” മായാവതി പറഞ്ഞു. ജെഎൻയുവിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ രാഷ്ട്രീയവത്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും അവർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Opposition meeting sonia gandhi congress shiv sena aap dmk

Next Story
പൊലീസ് ക്യാംപസിൽ പ്രവേശിച്ചത് അനുമതിയില്ലാതെ, നിയമനടപടി സ്വീകരിക്കും: ജാമിയ വിസിjamia vc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com