ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക യോഗം ഇന്ന് നടക്കും. തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ബിഎസ്‌പി അധ്യക്ഷ മായാവതി ഇതുവരെ നിലപാട് അറിയിച്ചില്ല. അതേസമയം, യോഗം സുപ്രധാനമാണെന്നും പങ്കെടുക്കുമെന്നും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് ലക്നൗവിൽ അറിയിച്ചു.

കോൺഗ്രസ് നേതൃത്വം അംഗീകരിച്ചുള്ള സഖ്യത്തിനു തെലുങ്കുദേശത്തെപ്പോലെ ഡിഎംകെയും പിന്തുണ അറിയിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരത് പവാര്‍, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ലോക് താന്ത്രിക് ജനതാദളിലെ ശരദ് യാദവ് എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കും.

ആര് പ്രതിപക്ഷ സഖ്യത്തെ നയിക്കേണ്ടതെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി താൻ കോൺഗ്രസ് നേതൃത്വത്തെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോൺഗ്രസിന്റെ ശക്തിവർദ്ധിക്കുമെന്ന പ്രതീതിയും നിലനിൽക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook